ഇന്ത്യയിലെ സ്വാതന്ത്ര്യ സമര രംഗം ശക്തിപ്രാപിച്ച നാളുകളിൽ സ്വാതന്ത്ര്യ സമരരംഗത്ത് മുൻപന്തിയിലായിരുന്ന ജവഹർലാൽ നെഹ്രുവിന്റെയും കമല നെഹ്രുവിന്റേയും മകളായി 1917 നവംബർ 19നാണ് ഇന്ദിര പ്രിയദർശിനി ജനിച്ചത്. ഒട്ടേറെ രോഗങ്ങൾ അലട്ടിയിരുന്ന അമ്മ കമലയോടൊപ്പം തികച്ചും ഏകാന്തവാസമായിരുന്നു ഇന്ദിരയുടേത് എന്നുപറയാം. ഭാരതത്തിൽ കിട്ടാവുന്നതിൽ ഏറ്റവും നല്ല വിദ്യാഭ്യാസം കൊച്ചുമകൾക്ക് നൽകണം എന്നതായിരുന്നു മോത്തിലാൽ നെഹ്രുവിന്റെ ആഗ്രഹം, അതിനായി ബ്രിട്ടീഷ് നേതൃത്വത്തിൽ നടക്കുന്ന സെന്റ്.സിസിലിയ എന്ന സ്കൂളിലാണ് ഇന്ദിരയെ അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനായി ചേർത്തത്. സ്വാതന്ത്ര്യ സമരവുമായി ഇഴുകിച്ചേർന്ന കുടുംബമായിരുന്നതിനാൽ അച്ഛൻ ജവഹറിന്റെയോ മുത്തച്ഛൻ മോത്തിലാൽ നെഹ്രുവിന്റേയോ സാമീപ്യം ബാല്യകാലത്ത് ഇന്ദിര അനുഭവിച്ചിട്ടില്ല.
കോൺഗ്രസ്സ് അനുഭാവികളുടെ മക്കൾ ബ്രിട്ടീഷ് രാജിനു കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ചേരാൻ പാടില്ല എന്നുള്ള കോൺഗ്രസ്സ് ഭരണഘടന നിയമം കാരണം ഇന്ദിരക്ക് അവിടെ വിദ്യാഭ്യാസം തുടരാൻ സാധിച്ചില്ല.1933 ൽ പൂനെയിലെ പ്യൂപ്പിൾസ് ഓൺ സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും, ഇന്ദിര പലസ്ഥലങ്ങളിലായി ഒന്നിലധികം സ്കൂളുകളിൽ പഠിച്ചു കഴിഞ്ഞിരുന്നു. ഈ സമയത്താണ് ഫിറോസ് ഗാന്ധി ആദ്യമായി ഇന്ദിരയോട് വിവാഹാഭ്യർത്ഥന നടത്തുന്നത്. എന്നാൽ ഇന്ദിരയും അമ്മ കമലയും ഇന്ദിരക്ക് പ്രായം കുറവാണെന്ന കാരണത്താൽ ഈ നിർദ്ദേശം തള്ളിക്കളയുകയായിരുന്നു.
1936 ൽ ഇന്ദിര, ഓക്സ്ഫഡ് സർവ്വകലാശാലയിൽ ബിരുദപഠനത്തിനായി ചേർന്നു. അമ്മയുടെ മരണം ഇന്ദിരക്ക് ഒരു തിരിച്ചടിയായിരുന്നു. പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയാതെ പരീക്ഷകളിൽ ഇന്ദിര തുടർച്ചയായി പരാജയപ്പെട്ടു. ഇത്തരം തിരിച്ചടികൾ നേരിട്ടു എങ്കിലും, സർവ്വകലാശാല വിദ്യാഭ്യാസം തുടരാൻ ഇന്ദിര തീരുമാനിച്ചു. ചരിത്രത്തിലും, സാമ്പത്തികശാസ്ത്രത്തിലും വളരെ മിടുക്കിയായിരുന്നു ഇന്ദിര.
1947 മുതൽ 1964 വരെ അനൗദ്യോഗികമായി പിതാവിന്റെ ഉപദേശകസംഘത്തിന്റെ മുഖ്യചുമതല വഹിച്ചിരുന്നു. ഭരണത്തിൽ അവരുടെ സ്വാധീനം വളരെ പ്രകടമായിരുന്നു. 1959 ൽ കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.നെഹ്രുവിന്റെ മരണശേഷം, തനിക്കു വച്ചു നീട്ടിയ പ്രധാനമന്ത്രിപദം നിരസിച്ച് ലാൽബഹാദൂർ ശാസ്ത്രി മന്ത്രിസഭയിൽ ഒരു കേന്ദ്രമന്ത്രിയായി ഇന്ദിര ചുമതലയേറ്റു.
1959-60-ൽ ഇന്ദിര ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ബന്ധുത്വരാഷ്ട്രീയത്തിന് എതിരായിരുന്ന നെഹ്രു ഇന്ദിരയെ തന്റെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നില്ല. നെഹ്രുവിന്റെ ഏറ്റവുമടുത്ത സഹായിയായി നിന്ന് ഭരണത്തിന്റെ സർവമേഖലകളും വശത്താക്കാനുള്ള അവസരങ്ങളൊന്നും ഇന്ദിരാ പാഴാക്കിയില്ല.1964-ൽ നെഹ്രു അന്തരിച്ചു. ഇന്ദിര രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു, തുടർന്ന് പ്രധാനമന്ത്രിയായ ലാൽ ബഹാദൂർ ശാസ്ത്രി തന്റെ മന്ത്രിസഭയിൽ ഇന്ദിരയെ വാർത്താവിതരണ, പ്രക്ഷേപണ മന്ത്രിയായി നിയമിച്ചു. ലാൽ ബഹാദൂർ ശാസ്ത്രി മന്ത്രി സഭയിലെ നാലാമത്തെ സുപ്രധാന സ്ഥാനമായിരുന്നു അത്.
ഭരണരംഗത്ത് ഇന്ദിര തികഞ്ഞ പാടവം പ്രകടിപ്പിച്ചു. ഹിന്ദി ഔദ്യോഗിക ഭാഷയാക്കിയതുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി വിരുദ്ധ കലാപം ശക്തിപ്രാപിച്ചപ്പോൾ അനുരഞ്ജന ദൌത്യവുമായി ഇന്ദിരയെത്തി. കൂടൂതലും നിരക്ഷരരായ ജനങ്ങളുള്ള ഇന്ത്യയിൽ സാധാരണ ജനങ്ങളിലേക്ക് വാർത്തകൾ എത്തി ചേരുന്നത് റേഡിയോയിലൂടെയും ടെലിവിഷനുകളിലൂടെയുമാണെന്ന് മനസ്സിലാക്കിയ ഇന്ദിര ചെലവു കുറഞ്ഞ റേഡിയോ നിർമ്മിച്ച് ജനങ്ങളിലേക്കെത്തിക്കാനുള്ള പദ്ധതിക്കു രൂപം കൊടുത്തു. ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധപിടിച്ചു പറ്റുന്ന കാര്യങ്ങൾ ഏതൊക്കെയാണെന്ന് ഇന്ദിരയ്ക്കു കൃത്യമായി അറിയാമായിരുന്നു.
1966 ൽ ലാൽ ബഹാദൂർ ശാസ്ത്രിക്കു ശേഷം ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയും, ആദ്യത്തെ വനിതാപ്രധാനമന്ത്രിയുമായി സ്ഥാനമേറ്റിരുന്നു .1966–77 കാലഘട്ടത്തിലും, പിന്നീട് 1980 മുതൽ മരണം വരേയും നാലു തവണ പ്രധാനമന്ത്രി പദം അലങ്കരിച്ചു. ഇന്ദിരാ ഗാന്ധിയുടെ യഥാർത്ഥ പേര് ഇന്ദിരാ പ്രിയദർശിനി നെഹ്രു എന്നായിരുന്നു . ആധുനികചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളും പിതാവിനു ശേഷം ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച പ്രധാനമന്ത്രിയുമാണ് ശ്രീമതി ഇന്ദിരാ ഗാന്ധി
ഒരു പ്രധാനമന്ത്രി എന്ന നിലയിൽ അധികാരകേന്ദ്രീകരണത്തിന്റേയും, കർക്കശമായ പെരുമാറ്റത്തിന്റേയും ഒരു പ്രതീകമായിരുന്നു ഇന്ദിരയുടെ ഭരണകാലത്ത് ഇന്ത്യ, ദക്ഷിണേഷ്യയിലെ ഒരു പ്രധാന ശക്തിയായി വളർന്നു. ഇന്ത്യ സാമ്പത്തികവും, രാഷ്ട്രീയവും, സൈനികവുമായി അഭൂതപൂർവ്വമായ വളർച്ച കൈവരിക്കുകയുണ്ടായി. 1975 മുതൽ 1977 വരെ ഇന്ദിര ഇന്ത്യയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥകാലത്ത് അവർ ഒരു ഏകാധിപതിയെപ്പോലെയാണ് പെരുമാറിയിരുന്നത്.
ആയിരം കൊല്ലങ്ങൾക്കിടെ ജീവിച്ച ശ്രേഷ്ഠയായ വനിതയെ കണ്ടെത്താനായി ബി.ബി.സി നടത്തിയ തിരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയത് ഇന്ദിരാഗാന്ധിയായിരുന്നു. ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി, മേരി ക്യൂറി, മദർ തെരേസ എന്നിവരെ പിൻതള്ളിയാണ് ഇന്ദിര ഈ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്.ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന നടപടിയുടെ പരിണിതഫലമായി,സിഖ് വംശജരുടെ അപ്രീതിക്കു പാത്രമായി തീർന്ന അവർ 31 ഒക്ടോബർ 1984 ന് സിഖ് വംശജരായ തന്റെ തന്നെ സുരക്ഷാഉദ്യോഗസ്ഥരുടെ വെടിയേറ്റ് മൃതിയടഞ്ഞു. ഭാരതത്തിന് എന്നല്ല ലോകത്തില്‍ തന്നെ മായാത്ത ലിപികളില്‍ നില്‍ക്കുന്ന സ്ത്രീ രത്നമാണ് ഇന്ദിര.