കണ്ണൂർ : വാണിജ്യ-വ്യവസായവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. സംസ്ഥാനത്തെ വ്യവസായ- ഖനന മേഖലകളിലെ സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കണ്ണൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ വ്യവസായ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായ സംരഭകര്‍ക്ക് ആവശ്യമായ സഹായവും സംരക്ഷണവും സര്‍ക്കാര്‍ നല്‍കും. പുതിയ സംരഭകര്‍ക്ക് ഹൃദ്യമായ സ്വീകരണം വ്യവസായ വകുപ്പില്‍ നിന്ന് ലഭിക്കും. വ്യവസായ സൗഹൃദ സംസ്ഥാനമല്ലാതിരുന്ന കേരളത്തില്‍ ഇന്ന് സംരഭകര്‍ക്കനുകൂലമായ സാഹചര്യമാണുള്ളത്. വ്യവസായങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിശോധിച്ചും ശരിയായ നിലയിലുള്ള നിരീക്ഷണം നടത്തിയും ആവശ്യമായ നടപടി കൈക്കൊളളാന്‍ സര്‍ക്കാരിന് കഴിഞ്ഞു. നോക്കുകൂലി തടയാനുള്ള നടപടികള്‍ കര്‍ശനമാക്കി. പ്രശ്‌നങ്ങള്‍ നല്ല ധാരണയോടു കൂടി പരിഹരിച്ച് പ്രവര്‍ത്തിക്കാന്‍ മാനേജ്മെന്റുകള്‍ക്ക് സാധിച്ചതോടെ യൂണിയനുകളുടേയും തൊഴിലാളികളുടേയും സമീപനത്തില്‍ മാറ്റം വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തൊഴില്‍ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫയലുകള്‍ അതിവേഗത്തില്‍ നീക്കുന്നതിനും ഓരോ വിഷയത്തിലും പെട്ടെന്ന് തീരുമാനം കൈകൊള്ളുന്നതിനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. വ്യവസായ സംരഭകര്‍ക്ക് അനുമതി ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാന്‍ കെ സ്വിഫ്റ്റ് എന്ന പേരില്‍ ഏകജാലക പോര്‍ട്ടല്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതുവഴി ഓണ്‍ലൈനായി അപേക്ഷകള്‍ നല്‍കാനും, ഫീസ്, രേഖകള്‍ എന്നിവ സമര്‍പ്പിക്കാനും സാധിക്കും.
അപേക്ഷകളിലുള്ള പോരായ്മകള്‍ മനസ്സിലാക്കാനും അവ തിരുത്താനുമുള്ള സംവിധാനം ഇതില്‍ ഒരുക്കിയിട്ടുണ്ട്. 14 വകുപ്പുകളില്‍ നിന്ന് ലഭ്യമാകേണ്ട അനുമതികള്‍ ഏകജാലക സംവിധാനത്തിലൂടെ ലഭിക്കും. ബന്ധപ്പെട്ട അപേക്ഷകളിലുള്ള മറുപടി അതത് ഓഫീസുകളില്‍ നിന്ന് ലഭ്യമാകും. നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടും ലൈസന്‍സ് ലഭിച്ചില്ലെങ്കില്‍ അതിനുള്ള കാരണം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ബോധിപ്പിക്കണം. അല്ലാത്തപക്ഷം കര്‍ശന നടപടി സ്വീകരിക്കും. അദാലത്തില്‍ ലഭിക്കുന്ന പരാതികള്‍ തീര്‍പ്പ് കല്‍പിച്ച് ഒരു മാസത്തിനകം നടപ്പാക്കണമെന്നും കാലതാമസമുണ്ടായാല്‍ ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
136 അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുന്നതിനായി ലഭിച്ചത്. ഇതില്‍ 90 അപേക്ഷകള്‍ തീര്‍പ്പാക്കുകയും 18 എണ്ണം തുടര്‍നടപടിക്കായി സര്‍ക്കാരിലേക്ക് അയക്കുകയും ചെയ്തു. 28 അപേക്ഷകളിന്മേലുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഒരു മാസത്തിനകം ഇവയില്‍ തീര്‍പ്പ് കല്‍പ്പിക്കും. വ്യവസായം, വാണിജ്യം, കൈത്തറി, ഖനനം, കിന്‍ഫ്ര, സിഡ്‌കോ തുടങ്ങിയവയുമായി ബന്ധപ്പെട്ട അപേക്ഷകളാണ് അദാലത്തില്‍ എത്തിയത്. ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ ബിജു, എഡിഎം ഇ പി മേഴ്‌സി, ഡിഐസി ജനറല്‍ മാനേജര്‍ പി എന്‍ അനില്‍ കുമാര്‍, എം പ്രകാശന്‍ മാസ്റ്റര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.