കാസറഗോഡ് : അഡൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കുടുംബശ്രീ അയല്‍ക്കൂട്ട, പുരുഷ സ്വയം സഹായ സംഘങ്ങള്‍, യുവജന സംഘടനകള്‍, ക്ലബുകള്‍, അംഗന്‍വാടി വര്‍ക്കര്‍മ്മാര്‍, ആശ പ്രവര്‍ത്തകര്‍, ഇതര സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് സംയോജിത രോഗ നിയന്ത്രണ പരിപാടി നടത്തുന്നത്.
പകര്‍ച്ചവ്യാധി നിയന്ത്രണം ‘ജനകീയ കൂട്ടായ്മയിലൂടെ’ എന്ന സന്ദേശവുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്
ഉറവിടനശീകരണം, കൊതുക് സാന്ദ്രതാ സര്‍വ്വെ, ആരോഗ്യ ബോധവത്കരണ പരിപാടികള്‍, ഹരിത പെരുമാറ്റ ചട്ടങ്ങള്‍ നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളോടൊപ്പം മാര്‍ക്കറ്റുകള്‍,ഭക്ഷണശാലകള്‍, മീന്‍ മാംസ വില്‍പ്പന കേന്ദ്രങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധനയും ഊര്‍ജ്ജിതമാക്കി. പൊതു സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കല്‍, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിന് സഹകരിക്കാത്ത തോട്ടം,സ്ഥാപന ഉടമകള്‍ എന്നിവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കാന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സരളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ആഴ്ചയില്‍ വെള്ളി ദിവസങ്ങളില്‍ സ്‌കൂളുകളും ശനി ദിവസങ്ങളില്‍ സര്‍ക്കാര്‍, വ്യാപാര സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും, ഞാറായ്ചകളില്‍ പൊതു സ്ഥലവും വീടും പരിസരങ്ങളും പ്രത്യേകമായി നിരീക്ഷിച്ച് ശുചീകരണ പ്രവര്‍ത്തനം നടത്തണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. പഞ്ചായത്ത് പരിധിയിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് 200ല്‍പരം അരോഗ്യ ബോധവത്കരണ ക്ലാസും അടിയന്തര ഘട്ടങ്ങളില്‍ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കും. ആരോഗ്യ ശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ മുഴുവന്‍ വാര്‍ഡുകളിലും എല്ലാ മാസവും യോഗവും ക്ലാസുകളും സംഘടിപ്പിക്കും.
യോഗത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് കെ സുരേഷ്‌കുമാര്‍ പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അബ്ദുര്‍ റഹ്മാന്‍, ആര്‍ വി നിധിന്‍, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സുമാരായ സി ജെ ദീപമോള്‍, പി ജയലക്ഷമി, ജെ സുലൈഖ, സി കെ ജിന്‍സി എന്നിവര്‍ സംസാരിച്ചു.