യാത്രാ ഫ്യുവൽസ് പോലുള്ള നൂതന സംരംഭങ്ങളും ആശയങ്ങളും വഴി കെ.എസ്.ആർ.ടി.സി. പ്രതിസന്ധി യിൽനിന്നു കരയേറുമെന്നു പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കെ.എസ്.ആർ.ടി.സി. പ്രതാപത്തിലേക്കു തിരിച്ചെത്തണമെന്നു കേരളം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾക്കായി കിളിമാനൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ ആരംഭിച്ച ഫ്യുവൽ ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പൊതുജനങ്ങൾക്കായി ഇന്ധന പമ്പുകൾ തുറക്കുകയെന്ന ആശയം കെ.എസ്.ആർ.ടി.സിയുടെ വരുമാനം വർധി പ്പിക്കും. ഇതുപോലുള്ള ആശയങ്ങളിലൂടെ കെ.എസ്.ആർ.ടി.സി.യുടെ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകുമെന്നാണ് സർക്കാർ കരുതുന്നത്. ഇക്കാര്യത്തിൽ പൊതുജനങ്ങളിൽനിന്നു വലിയ പിന്തുണ ലഭിക്കുന്നുണ്ട്. യാത്രാ ഫ്യുവൽസ് എന്ന പേരിൽ തുടങ്ങിയിരിക്കുന്ന ഫ്യുവൽ ഔട്ട്‌ലെറ്റുകൾ വഴി ഗുണമേന്മയുള്ള ഇന്ധനം കൃത്യമായ അളവിൽ പൊതുജനങ്ങൾക്കു ലഭ്യമാക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പമ്പിൽ നിന്നുള്ള ആദ്യ വിൽപ്പനയും മന്ത്രി നിർവഹിച്ചു.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം 75 ഫ്യുവൽ ഔട്‌ലെറ്റുകൾ സ്ഥാപിക്കുന്നതിനാണു കെ. എസ്. ആർ. സി.സി. തീരുമാനിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ എട്ട് ഔട്‌ലെറ്റുകൾ തുറക്കും. ഇലക്ട്രിക് വാഹന ചാർജിങ് സൗകര്യം, സി.എൻ.ജി, എൽ.സി.എൻ.ജി, കമ്പ്രസ്ഡ് ബയോഗ്യാസ് എന്നിവയും യാത്രാ ഫ്യുവൽസ് വഴി ലഭ്യമാക്കാൻ കെ.എസ്.ആർ.സി.സി. പദ്ധതിയിടുന്നുണ്ട്.
കിളിമാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ഫ്യുവൽ ഔട്ട്‌ലെറ്റിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ ഒ.എസ്. അംബിക എം.എൽ.എ. അധ്യക്ഷത വഹിച്ചു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേന്ദ്രൻ ,കെ എസ് .ആർ ടി സി ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു.