കുളിമുറിയിൽ വയ്ക്കാനുമുണ്ട് ചില ചെടികൾ
നല്ല ഉറക്കം ലഭിക്കാനും കുളിമുറിയിൽ വയ്ക്കാനും പ്രത്യേകം ചെടികളുണ്ടെന്നു പലരും ആദ്യമായറിയുകയാണ്. കനകക്കുന്നിലെ വസന്തോത്സവത്തിൽ ഇത്തരം ചെടികളുടെ വലിയ നിരതന്നെയുണ്ട്. ഗോൾഡൻ മണി പ്ലാന്റ്, പീസ് ലില്ലി, ചൈനീസ് എവർഗ്രീൻ പ്ലാന്റ്, കാസ്റ്റ് അയൺ പ്ലാന്റ് തുടങ്ങിയവയാണു നല്ല ഉറക്കം തരുന്ന ചെടികൾ. പല അന്താരാഷ്ട്ര പഠനങ്ങളുടെയുടെയും അടിസ്ഥാനത്തിലാണ് ഈ ചെടികൾ സുഖകരുമായ ഉറക്കം പ്രദാനംചെയ്യുമെന്നു കണ്ടെത്തിയത്. ഇവ കിടപ്പുമുറിയിൽ വച്ചാൽ മുറിക്കുള്ളിലെ അന്തരീക്ഷം ഏറെ ശുദ്ധവും ശാന്തവുമാകും. മനസിലെ സമ്മർദമെല്ലാം അകലുന്നതോടെ നന്നായി ഉറങ്ങാനുമാകും.
കറ്റാർവാഴ, ബിഗോണിയ, ഓർക്കിഡ് തുടങ്ങിയ ചെടികളാണു കുറിമുറിയിൽ വയ്ക്കാവുന്നത്. കുളിമുറിയിലെ കുറഞ്ഞ പ്രകാശത്തിലും വളരുകയും വായുവിലെ ജലാംശം പിടിച്ചെടുത്ത് ശുദ്ധവായു പുറത്തേക്കു വിടുകയും ചെയ്യും ഈ ചെടികൾ.കുഞ്ഞുങ്ങൾക്കും ഓമന മൃഗങ്ങൾക്കും അപകടകരമല്ലാത്ത ഇനം ചെടികളും ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുന്ന ചെടികളും വസന്തോത്സവത്തിലുണ്ട്. ഒപ്പം ടെറാക്കോട്ടയിലും ചൈനീസ് ക്ലേയിലും തീർത്ത മനോഹരങ്ങളായ പൂച്ചട്ടികളും, അവ വയ്ക്കാനുള്ള വിവിധ മാതൃകകളിലുള്ള സ്റ്റാന്റുകളും ആസ്വാദകരെ ആകർഷിക്കുന്നു.