തിരുവനന്തപുരത്ത് വ്യാപാരികളുടെ സൗകര്യാര്‍ത്ഥം (ഫെബ്രുവരി 5-ാം തിയതി ) ഇന്ന് വ്യാപാര ഭവനില്‍ ( വ്യാപാരി വ്യവസായി-ഏകോപന സമിതി ചാല മെയിന്‍ യൂണിറ്റ് , വ്യാപാര ലൈന്‍, തിരുവനന്തപുരം) രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ഒരു രജിസ്‌ട്രേഷന്‍ , പുതുക്കല്‍ ക്യാംപ് സംഘടിപ്പിച്ചിട്ടുണ്ട്. ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ ഫീസ് അടച്ചു ഉടന്‍ തന്നെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്. സ്ഥാപനം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള / 2019 വര്‍ഷത്തേയ്ക്കുള്ള രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള നടപടി പൂര്‍ത്തിയാക്കി നിയമ നടപടികള്‍ ഒഴിവാക്കേണ്ടതാണെന്ന് തിരുവനന്തപുരം ഒന്നാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ആഫീസര്‍ അറിയിച്ചു.
കേരള ഷോപ്‌സ് & കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമവും ചട്ടങ്ങളും പ്രകാരം കടയോ വാണിജ്യ സ്ഥാപനമോ ആരംഭിച്ച് 60 ദിവസത്തിനകം സ്ഥാപന ഉടമ സ്വമേധയ ലേബര്‍ ആഫീസില്‍ രജിസ്റ്റര്‍ (സ്ഥാപനത്തില്‍ ജീവനക്കാര്‍ ഇല്ലെങ്കിലും) ചെയ്യേണ്ടതും വര്‍ഷാവര്‍ഷം രജിസ്‌ട്രേഷന്‍ പുതുക്കേണ്ടതുമാണ്.ഇതില്‍ വീഴ്ച വരുത്തിയാല്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും അയ്യായിരം രൂപ ഒറ്റത്തവണയായും പ്രതിദിനം 250/- രൂപ നിരക്കിലും പിഴ ഈടാക്കുന്നതിനും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
അപേക്ഷയോ മറ്റ് രേഖകളോ നേരിട്ട് ഓഫീസില്‍ നല്‍കേണ്ടതില്ല. വെബ്‌സൈറ്റില്‍ നിന്നു തന്നെ ഡിജിറ്റലായി അംഗീകരിച്ച സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുന്നതിനുള്ള സഹായത്തിനായി അടുത്തുള്ള പൊതുസേവന കേന്ദ്രത്തെ (CSC) സമീപിക്കാവുന്നതും ആണ്. www.lc.kerala.gov.in എന്ന സൈറ്റില്‍ Online Services എന്ന മെനു ഉപയോഗിച്ച് അപേക്ഷ സമര്‍പ്പിക്കുകയും ഫീസ് ഒടുക്കുകയും ചെയ്യാം.