ഇൻഷുറൻസ് ജീവനക്കാരി വൈഷ്ണയെ തീവെച്ചു കൊലപ്പെടുത്തിയത് രണ്ടാം ഭർത്താവ് ബിനു

51

തിരുവനന്തപുരം പാപ്പനംകോടുള്ള സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയെ തീവെച്ചത് രണ്ടാം ഭർത്താവായ ബിനുവാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു.

ബിനുവിന്റെ നരുവാമൂടുള്ള വീട്ടിന് സമീപത്ത് നിന്നും ഓട്ടോയില്‍ കയറി ഇൻഷുറൻസ് ഓഫീസിന് സമീപം ഇറങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. തീവെയ്പ്പില്‍ ബിനുവും മരിച്ചിരുന്നു. ബിനുവിന്‍റെ ഡി എൻഎ സാമ്ബിള്‍ പൊലീസ് ശേഖരിച്ചു.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പാപ്പനംകോട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തില്‍ നിന്ന് പൊട്ടിത്തെറി ശബ്ദത്തോടെ തീ ആളിപ്പടർന്നത്. തീയണച്ചശേഷം കണ്ടെത്തിയ രണ്ട് മൃതദേഹങ്ങളില്‍ ഒന്ന് ജീവനക്കാരി വൈഷ്ണയുടെതാണെന്ന് ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. രണ്ടാമത്തെ മൃതദേഹം ഒരു സ്ത്രീയുടെയാണെന്നും, പണം അടയ്ക്കാനെത്തിയ ഒരാളുടെതാകാമെന്നായിരുന്നു ആദ്യ സംശയം. ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്നായിരുന്നു നിഗമനം. പക്ഷെ സ്ഥലം പരിശോധിച്ച പൊലീസിന് ഒരു അട്ടിമറി മനസിലായി. രണ്ടാമത്തെ മൃതദേഹം പുരുഷന്റെതാണെന്ന് തിരിച്ചറിഞ്ഞതോടെ അന്വേഷണം ഊർജ്ജിതമാക്കി.

വൈഷ്ണക്ക് കുടുംബ പ്രശ്നങ്ങളുണ്ടെന്ന് മനസിലാക്കിയ പൊലിസ് ആ വഴി നീങ്ങി. രണ്ടാം ഭർത്താവായ ബിനുവുമായി അകന്ന് ഒരു വാടക വീട്ടിലാണ് രണ്ട് കുട്ടികള്‍ക്കൊപ്പം വൈഷ്ണ താമസിച്ചിരുന്നത്. നരുവാമൂട് സ്വദേശിയായ രണ്ടാം ഭർത്താവ് ബിനു മുമ്പും ഇതേ ഓഫീസിലെത്തി ബഹളമുണ്ടായിട്ടുണ്ട്. ബിനുവിന്റെ രണ്ട് ഫോണുകളും സ്വിച്ച്‌ ഓഫായിരുന്നു.

ഫോറൻസിക് പരിശോധനയില്‍ മണ്ണെണ്ണ കൊണ്ടുവന്ന കുപ്പി കണ്ടെത്തിയതോടെ ബിനു തന്നെയാണ് തീവച്ചതെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. ഇന്ന് കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ബിനുവിന്റെ നരുവാമൂട്ടിലെ വീട്ടിന് സമീപത്തുനിന്നും ഓട്ടോയില്‍ കയറി പാപ്പനം കോടി ഇൻഷുറൻസ് ഓഫീസിന് സമീപത്ത് ഇറങ്ങുന്ന സിസിടിവി പൊലീസിന് ലഭിച്ചു. ഒരു തോള്‍ സഞ്ചിയുമായാണ് വാഹനത്തില്‍ നിന്നും ഇറങ്ങുന്നത്.

മണ്ണെണ്ണ ഒഴിച്ചാണ് തീവച്ചതെന്നാണ് ഫൊറൻസിക് വിദഗ്ദരുടെ സംശയം..തോള്‍ സഞ്ചിയിലുണ്ടായിരുന്നത് മണ്ണെണ്ണ ആവാമെന്നാണ് പൊലീസ് പറയുന്നത്. തീവയ്ക്കുന്നതിന് മുമ്ബ് ബിനു ഒരു സുഹൃത്തിനെ വിളിച്ച്‌ പറഞ്ഞകാര്യങ്ങളും കേസില്‍ നിർണായകമാണ്. പൂർണമായും കത്തി കരിഞ്ഞ മൃതദേഹം ബന്ധുക്കളും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അതിനാല്‍ ഡിഎൻഎ സാമ്ബിള്‍ ശേഖരിച്ചു.

വൈഷ്ണയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

NO COMMENTS

LEAVE A REPLY