തിരുവനന്തപുരം: ഫലം പുറത്തു വരുന്നതോടെ സംസ്ഥാനത്തെ ചിലയിടങ്ങളിൽ സംഘർഷ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. രാഷ്ട്രീയ സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളായ കാസർഗോഡ്, കണ്ണൂർ, വടകര മേഖലയിൽ വൻ പോലീസ് വിന്യാസം ഏർപ്പെടുത്തി.
വോട്ടെണ്ണൽ ദിവസമായ ഇന്നും നാളെയും സംസ്ഥാനത്താകെ ക്രമസമാധാന പാലനത്തിനായി കർശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പ്രശ്നസാധ്യതാ മേഖലകളെ കുറിച്ച് ഇന്റലിജന്റ്സ് വിഭാഗം കൃത്യമായ റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്.
വോട്ടെണ്ണലുമായി ബന്ധപ്പെട്ട് 22,640 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ജില്ലാ പോലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇവരെ നിയോഗിച്ചിട്ടുള്ളത്. 111 ഡിവൈഎസ്പിമാർ, 395 ഇൻസ്പെക്ടർമാർ, 2632 എസ്ഐ, എഎസ്ഐമാർ എന്നിവരെ സംസ്ഥാനത്താകെ നിയോഗിച്ചിട്ടുണ്ട്. ഇതു കൂടാതെ കേന്ദ്ര സായുധ സേനയിൽ നിന്നുള്ള 1,344 ഉദ്യോഗസ്ഥരെയും ക്രമസമാധാന ചുമതലയ്ക്കായി നിയോഗിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെയും സുരക്ഷാ ചുമതലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ ജില്ലകളിൽ സ്പെഷൽ യൂണിറ്റിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെയും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
സംസ്ഥാനത്തു ചിലയിടങ്ങളിൽ അതിസുരക്ഷ ആവശ്യമാണെന്ന് ഇന്റലിജൻസ് വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ആ സ്ഥലങ്ങളിൽ മറ്റിടങ്ങളെക്കാൾ കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ അതീവശ്രദ്ധ പുലർത്തുന്നുണ്ടെന്നും ഉന്നത പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. പോലീസിന് സംസ്ഥാനത്ത് ഏത് മേഖലകളിലും എത്തിച്ചേരുന്നതിനും വാഹന സൗകര്യവും ഏർപ്പാടാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ വാഹനങ്ങൾ വാടകയ്ക്കെടുക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് അനുമതി നൽകിയിട്ടുണ്ട്.