അഴിമതി ഇല്ലാതാക്കാൻ വിജിലൻസ് പരിശോധന : മന്ത്രി എം.ബി. രാജേഷ്

10

അഴിമതി ഇല്ലാതാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് സംഘം തുടർച്ചയായ പരിശോധനകൾ നടത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. തദ്ദേശ പൊതു സർവീസ് രൂപീകൃതമായ ശേഷം ഇത്തരത്തിൽ നടന്ന ആദ്യ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായും അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ അടക്കം അഞ്ചു പേരെ ഇതുമായി ബന്ധപ്പെട്ടു സസ്പെൻഡ് ചെയ്തതായും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മൂന്നു കോർപ്പറേഷനുകളിലും 16 മുനിസിപ്പാലിറ്റികളിലും 25 ഗ്രാമ പഞ്ചായത്തുകളിലും ഓരോ ജില്ലാ/ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലായി ആകെ 46 സ്ഥാപനങ്ങളിൽ കഴിഞ്ഞ 6ന് ഇന്റേണൽ വിജിലൻസ് ഓഫീസർമാരുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. തിരുവനന്തപുരം കോർപ്പറേഷനിലെ നേമം സോണൽ ഓഫീസിൽ നടത്തിയ പരിശോധനയിൽ കെട്ടിട നമ്പർ അനുവദിച്ച ഫയലുകളിൽ KMBR ലംഘനം മറച്ചുവച്ച് തെറ്റായ റിപ്പോർട്ട് നൽകി ഒക്കുപൻസി സർട്ടിഫിക്കറ്റുകൾ നൽകിയതായി കണ്ടെത്തി.

തെറ്റായ റിപ്പോർട്ട് നൽകിയ രണ്ട് ഓവർസീയർമാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. മറ്റ് രണ്ടു ഫയലുകളിൽ നേരിട്ട് സ്ഥല പരിശോധന നടത്തിയപ്പോൾ KMBR ചട്ടലംഘനമുള്ള രണ്ടു കെട്ടിടങ്ങൾക്ക് KMBR പാലിച്ചത് സംബന്ധിച്ച് ഓവർസീയറുടെ റിപ്പോർട്ട് ഇല്ലാതെ 300 m2 വരെയുള്ള കെട്ടിടങ്ങൾക്ക് നമ്പർ നൽകുന്നതിന് ചുമതലയുള്ള അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഒക്കുപൻസി സർട്ടിഫിക്കറ്റ് നൽകിയതായി കണ്ടു. ഈ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ സർവീസിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

പാലക്കാട് മുനിസിപ്പാലിറ്റിയിൽ നടന്ന പരിശോധനയിൽ ലൈസൻസിനുള്ള 2881 അപേക്ഷകൾ പെന്റിംഗ് ആണെന്ന് കണ്ടെത്തി. വ്യാപാര സ്ഥാപനങ്ങളുടെ പേര് വിവരങ്ങൾ ഉൾക്കൊള്ളുന്ന ട്രേഡേഴ്സ് ലിസ്റ്റ് തയാറാക്കി സൂക്ഷിച്ചിട്ടില്ല. ഇതിന് ഉത്തരവാദിയായ ഹെൽത്ത് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തു.

തിരുവനന്തപുരം കല്ലിയൂർ ഗ്രാമപഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ ചട്ടപ്രകാരം സൂക്ഷിക്കേണ്ട രജിസ്റ്ററുകൾ യഥാവിധി പാലിച്ചിട്ടില്ലെന്നു കണ്ടെത്തി. കെട്ടിട നിർമ്മാണ അനുമതി, ഒക്കുപൻസി, കെട്ടിട നമ്പർ എന്നിവയ്ക്കുള്ള അപേക്ഷകളിന്മേൽ യഥാസമയം നടപടിയെടുക്കാതെ ധാരാളം ഫയലുകൾ സെക്ഷനുകളിൽ സൂക്ഷിക്കുന്നതായും കണ്ടെത്തി. ജീവനക്കാർക്ക് യഥാസമയം നിർദ്ദേശം നൽകുന്നതിലും പെന്റിങ് ഫയലുകൾ തീർക്കുന്നതിലും ഹെഡ് ക്ലാർക്കിന്റെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുള്ളതിനാൽ ഹെഡ് ക്ലാർക്കിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

ജീവനക്കാരുടെ ഹാജർനില, കെട്ടിട നിർമ്മാണ അനുമതി/നമ്പർ, അപേക്ഷകളിലെ കാലതാമസം, പൊതു ജനത്തിന് ലഭിക്കേണ്ട സേവന അപേക്ഷകളിന്മേലുള്ള കാലതാമസം എന്നിവയെ മുൻ നിർത്തിയാണ് പ്രധാനമായും പരിശോധന നടത്തിയത്. പരിശോധന നടന്ന സ്ഥാപനങ്ങളിൽ കെട്ടിട നിർമ്മാണ പെർമിറ്റ്, ഒക്യുപൻസി നൽകുന്നതിൽ ചട്ടലംഘനങ്ങളും കാലതാമസവും കണ്ടെത്തി. മുൻഗണനാക്രമം തെറ്റിച്ച് അപേക്ഷകളിൽ നടപടി എടുക്കുന്നതും ഓൺലൈൻ ആയി അപേക്ഷ കൈകാര്യം ചെയ്യേണ്ടതിന് പകരം അപേക്ഷ നേരിട്ട് കൈകാര്യം ചെയ്യുന്നതും കണ്ടത്തി ആവശ്യമായ സെറ്റ് ബാക്കുകൾ ഉണ്ടെന്ന് വ്യാജ റിപ്പോർട്ട് എഴുതി കെട്ടിടങ്ങൾക്ക് ഒക്യുപൻസി സർട്ടിഫിക്കറ്റ് നൽകിയതായി തിരുവനന്തപുരം കോർപ്പറേഷൻ നേമം സോണൽ ഓഫീസിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞു.

പാലക്കാട്, കോട്ടയ്ക്കൽ മുനിസിപ്പാലിറ്റിയിൽ ലൈസൻസ് അപേക്ഷകളിൽ നടപടി സ്വീകരിക്കുന്നതിന് വളരെയധികം കാലതാമസം ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ലൈസൻസുകൾ യഥാസമയം നൽകാത്ത കേസുകളും നിരവധി സ്ഥാപനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

ഗ്രാമ പഞ്ചായത്തുകളിൽ ഫയൽ കൈകാര്യം ചെയ്യുന്ന ILGMS സോഫ്റ്റ്‌വെയറിൽ കാലതാമസം വന്ന ഫയലുകൾ പ്രത്യേകം പരിശോധന നടത്തി. അകാരണമായി കാലതാമസം വന്ന ഫയലുകളിൽ അപേക്ഷകരെ നേരിൽക്കണ്ട് വിവരം ശേഖരിച്ച് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക റിപ്പോർട്ട് ലഭ്യമായിട്ടുണ്ട്. സാമൂഹിക സുരക്ഷാ പെൻഷൻകാരുടെ അപേക്ഷയിൽ യഥാസമയം നടപടി എടുക്കാത്തതിൽ ഉദ്യോഗസ്ഥരുടെ വീഴ്ചയും കണ്ടെത്തി. ജീവനക്കാർ അനധികൃതമായി ഓഫീസിൽ ഹാജരാകാതിരിക്കുക, മദ്യപിച്ച് ഓഫീസിൽ എത്തുക തുടങ്ങിയ പ്രവണതകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആഭ്യന്തര വിജിലൻസ് സംവിധാനം നിലവിൽ വന്നതിനെത്തുടർന്ന് ഇന്റേണൽ വിജിലൻസ് ഓഫീസർമാരെ നിയോഗിച്ച് നടന്ന ആദ്യത്തെ ആകസ്മിക പരിശോധനയാണ് നടന്നത്. ഇന്റേണൽ വിജിലൻസ് ഓഫീസറോടൊപ്പം വിഷയ പരിജ്ഞാനമുള്ള രണ്ട് ഉദ്യോഗസ്ഥരടങ്ങുന്ന മൂന്നംഗ ടീമാണ് പരിശോധന നടത്തിയത്. ഇത്തരത്തിൽ സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്ഥാപന ഓഫീസുകളിലും മാസത്തിൽ ചുരുങ്ങിയത് രണ്ട് തവണ എങ്കിലും പരിശോധന നടത്തുന്നതിനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പരിശോധനയിൽ കണ്ടെത്തുന്ന ക്രമക്കേടുകൾക്ക് ഉത്തരവാദിയായ ഉദ്യോഗസ്ഥർക്കെതിരെ സമയബന്ധിതമായി കർശന അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തദ്ദേശ സ്ഥാപന ആഫീസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും പൊതുജനങ്ങൾക്ക് യഥാസമയം സേവനം എത്തിക്കുന്നതിനും ഫലപ്രദമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തു നിന്ന് തുടർന്നും ഉണ്ടാകുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

NO COMMENTS

LEAVE A REPLY