അന്തർദേശീയ ഭിന്നശേഷി ദിനാചരണം: വേറിട്ട പരിപാടികളുമായി ജില്ലാ ഭരണകൂടം

108

കൊച്ചി : അന്തർദ്ദേശീയ ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഡിസംബർ മൂന്നിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഉണർവ്വ് 2019 എന്ന പേരിൽ എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ വിവിധ പരിപാടികൾ സംഘടി പ്പിക്കും. വിവിധ സ്പെഷ്യൽ സ്കൂൾ, ബഡ്സ് സ്കൂൾ, പൊതുവിദ്യാലയങ്ങൾ, കോളേജുകളിൽ പഠിക്കുന്ന ഭിന്ന ശേഷി വിദ്യാർത്ഥികൾ, മറ്റ് ഭിന്നശേഷിക്കാർ എന്നിവരെ അണിനിരത്തിയാണ് ഇത്തവണത്തെ അന്തർദേശീയ ഭിന്നശേഷി ദിനാചരണം.

ജില്ലാ കളക്ടർ എസ്.സുഹാസ് ചെയർമാനായുളള സംഘാടകസമിതി ഭിന്നശേഷി സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവരെ ഏകോപിപ്പിച്ച് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ഡിസംബർ മൂന്നിന് രാവിലെ 8.30ന് ജില്ലാകളക്ടർ പതാക ഉയർത്തി ഭിന്നശേഷിക്കാരായ കുട്ടികളുടെ വർണ്ണശബളമായ മാർച്ച് പാസ്ററിൽ സല്യൂട്ട് സ്വീകരിക്കും. തുടർന്ന് നടക്കുന്ന വിവിധ കായികമത്സരങ്ങളിലും അനുബന്ധ കലാപരിപാടികളിലും 1500ലധികം പ്രതിഭകൾ മാറ്റുരയ്ക്കും.

ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അംഗീകൃത ഭിന്നശേഷി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് ഉണർവ്വ് 2019 എന്ന പേരിൽ ലോകഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാ കളക്ടർ ചെയർമാനായുള്ള സംഘാടകസമിതിയുടെ ജനറൽ കൺവീനർ ജില്ലാ സാമൂഹിക

നീതി ഓഫീസർ കെ.ജെ.ജോൺ ജോഷിയാണ്. അംബിക ശശി, രാജീവ് പളളുരുത്തി, കേരള സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോർഡിനേറ്റർ എബി എബ്രഹാം, എം.കെ.രവി, ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ ഫൗണ്ടേഷൻ സെക്രട്ടറി കെ.എം.നാസർ, കെ.എം.ജോർജ്, ബ്ളെന്റ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് രാജു ജോർജ് എന്നിവർ സംഘാടകസമിതി അംഗങ്ങളാണ്.

NO COMMENTS