ഇന്ന് ലോക ഉല്ലാസയാത്ര ദിനം

608

ഇന്ന് ലോക ഉല്ലാസയാത്ര ദിനം. മാനവ സമൂഹത്തിന് ഒന്നടങ്കം തിരക്കുകളും ജോലിഭാരവും മറന്ന് കുടുംബത്തോടൊപ്പം ആസ്വദിക്കാനായി ഒരു ദിവസം. ലോകം വിരൽത്തുമ്പിൽ എത്തിയിട്ടും യാത്രകൾ ഇന്നും മനുഷ്യനെ വിസ്മയിപ്പിക്കുന്ന ഒരു പുതിയ അനുഭവമാണ്. ആധുനിക ലോകത്ത് മനുഷ്യന് അനിവാര്യമായ ഘടകമാണ് യാത്ര. പ്രകൃതിരമണീയമായ ഒരു സ്ഥലത്ത് മന്ദമാരുതൻറെ അലയടിയും കേട്ടിരിക്കാൻ ആരാണ് ഒന്നു ഇഷ്ടപ്പെടാത്തത്. വിഷമങ്ങളും ദുരിതങ്ങളും സങ്കടങ്ങളും അവസാനിപ്പിച്ച് പലരും പുതിയ ജീവിതം തുടങ്ങുന്നതും ഇത്തരം ഒത്തുചേരലുകളിലൂടെയാണ്. പ്രകൃതി സൗന്ദര്യവും തെങ്ങോലകളുടെ ശബ്ദവും കായലിന്റെ അലയൊലികളുമൊക്കെയായി യാത്ര തരുന്ന കുളിർമ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്.

ഉല്ലാസയാത്രയിൽ ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് മനോഹരമായ സ്ഥലങ്ങളിലേക്ക് ഒരെത്തിനോട്ടം അതായിരിക്കും ഭൂരിഭാഗം ആൾക്കാരുടെയും സ്വപ്നം. ഉല്ലാസയാത്രയും വിനോദസഞ്ചാരവും വ്യത്യസ്തമാണ്. വിനോദസഞ്ചാരം എന്നത് ഒരു കൂട്ടമാളുകൾ ഒരുമിച്ച് അവരുടെ വിനോദത്തിനും മറ്റുമായി സ്ഥലങ്ങൾ സന്ദർശിക്കുന്നതാണെങ്കിൽ ഇതിൽ നിന്നും വിഭിന്നമാണ് ഉല്ലാസയാത്ര. കുടുംബാംഗങ്ങൾ ഒരുമിച്ച് തങ്ങൾ തയ്യാറാക്കിയ ഭക്ഷണവുമായി ശാന്തമായ സ്ഥലങ്ങളിൽ നടത്തുന്ന ഒത്തുചേരലാണ് ഉല്ലാസയാത്രകൾ. ഒത്തുചേരലിനായി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളും സമയവും വ്യത്യസ്തമാണെങ്കിലും ഇതിന്റെ ആത്യന്തിക ലക്ഷ്യം തിരക്കുകളിൽ നിന്നൊഴിഞ്ഞ് കുടുംബത്തോടൊപ്പമായിരിക്കുക എന്നതുതന്നെയാണ്. കുടുംബ ബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം ഒത്തുചേരലുകൾ അത്യാവശ്യമാണ്. യാത്രകൾ അവസാനിക്കുന്നില്ല. അത് തുടർന്നുകൊണ്ടേയിരിക്കും…

NO COMMENTS