കാസറകോട് : ജില്ലയിലെ ആരോഗ്യമേഖലയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുൾപ്പെടെയുള്ള നിയമനങ്ങൾ വേഗത്തിലാക്കാൻ ഇടപെടുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങൾ ആരോഗ്യവകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ട്.
ടാറ്റ ആശുപത്രി, കാസർകോട് ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്കുൾപ്പെടെ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങിയവർ നിയമന ഉത്തരവ് കിട്ടിയിട്ടും കാസർകോട്ടേക്ക് വരാൻ മടിക്കുന്ന സാഹചര്യം നിലവിലുണ്ട്. ആരോഗ്യ മേഖലക്കൊപ്പം മറ്റു ഉദ്യോഗസ്ഥ തലത്തിലും ഈ പ്രശ്നം ഉള്ളതായും ജില്ലയിലെ ജനപ്രതിനിധികൾ സൂചിപ്പിച്ചു. ഇക്കാര്യത്തിൽ സർക്കാർ നിയമത്തിനനുസരിച്ച് തീരുമാനങ്ങളുണ്ടാകു മെന്ന് മന്ത്രി വ്യക്തമാക്കി.
കോവിഡ് പ്രതിരോധത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ ആണ് കാസർകോട് നടക്കുന്നത്. ഇത് ഊർജിതമായി നടപ്പാക്കാൻ സർക്കാരിന്റെ പിന്തുണയും മന്ത്രി ഉറപ്പ് നൽകി. സംസ്ഥാനത്തിന് എയിംസ് ആശുപത്രി അനുവദിക്കുക യാണെങ്കിൽ അത് കാസർകോട് ലഭ്യമാക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയും എം.എൽ.എമാരും യോഗത്തിൽ ആവശ്യപ്പെട്ടു. ആംബുലൻസുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കുമായി എം.പിയുടെയും എം.എൽ.എമാരുടെയും ഫണ്ടുകൾ വകയിരുത്തുമെങ്കിലും അത് ലഭ്യമാകുന്നതിലെ കാലതാമസം ഒഴിവാക്കാൻ മന്ത്രി ഇടപെടണമെന്നും ജനപ്രതിനിധികൾ പറഞ്ഞു.
കാസർകോട് ജില്ലയിൽ ട്രോമാ കെയർ സംവിധാനമൊരുക്കണമെന്നും മെഡിക്കൽ കോളജിന്റെ നിർമാണം വേഗത്തിലാക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. മഞ്ചേശ്വരം മുതൽ മാട്ടൂൽ വരെയുള്ള തീരദേശത്ത് കടൽഭിത്തി നിർമ്മാണം പൂർത്തീകരിച്ച് സംരക്ഷിക്കണമെന്നുമാവശ്യപ്പെട്ട എം.പി നിവേദനം നൽകി. മഞ്ചേശ്വരം മേഖലയിലേക്ക് 108 ആംബുലൻസിന്റെ സേവനം ഉറപ്പുവരുത്തണമെന്നും ഇതിനൊപ്പം മംഗൽപ്പാടി താലൂക്ക് ആശുപത്രിയിലേക്ക് നേരത്തെ അനുവദിക്കപ്പെട്ട ആംബുലൻസ് എത്തിക്കണമെന്നും എ.കെ.എം.അഷ്റഫ് എം.എൽ.എ ആവശ്യപ്പെട്ടു.
ജില്ലയിലെ ആശുപത്രികളിലെ ഓക്സിജൻ കിടക്കകളുടെ എണ്ണം വർധിപ്പിക്കണമെന്നും വെന്റിലേറ്ററുകൾ എല്ലാം പ്രവർത്തനക്ഷമമാക്കുന്നതിന് മുന്തിയ പരിഗണന കൊടുക്കണമെന്നും എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു. മഞ്ചേരി മാതൃകയിൽ കാസർകോട് ജനറൽ ആശുപത്രിയെയും ടാറ്റ ആശുപത്രിയെയും യോജിപ്പിച്ചു കൊണ്ട് ജില്ലയിലെ രണ്ടാമെത്ത മെഡിക്കൽ കോളജായി ഉയർത്താമെന്ന നിർദേശം പരിഗണിക്കണമെന്നു സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ പറഞ്ഞു.
10 കിലോമീറ്റർ ചുറ്റളവിൽ രണ്ട് ആശുപത്രികളുണ്ടെങ്കിൽ ഇത് സാധ്യമാകുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു യോഗത്തെ അറിയിച്ചു. ജില്ലയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പു വരുത്തണമെന്നും വർക്കിങ് അറേഞ്ച്മെന്റ്, ഡെപ്യൂട്ടേഷൻ വ്യവസ്ഥകളിൽ ജീവനക്കാർ വേഗത്തിൽ സ്ഥലം മാറിപ്പോകുന്നത് നിയന്ത്രിക്കണമെന്നും എം.രാജഗോപാലൻ എം.എൽ.എയും ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ, ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു, ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ്, എ.ഡി.എം അതുൽ സ്വാമിനാഥ്, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ആർ. രാജൻ, തുടങ്ങിയവർ സംബന്ധിച്ചു