തിരുവനന്തപുരം : പ്രവാസി (കേരളീയർ) കമ്മിഷന്റെ അവസരോചിതമായ ഇടപെടൽ മൂലം പ്രവാസിയായ ഹൈദറിന്റെ വീടിന് നിർമ്മാണാനുമതിയായി. കഴിഞ്ഞ മൂന്നു വർഷമായി തന്റെ വീടിന് നിർമ്മാനുമതിക്കായി പരിശ്രമിച്ച മലപ്പുറം പുഴക്കാടച്ടിരി പനങ്ങര സ്വദേശി മാമ്പ്രത്തൊടി ഹൈദറിനും കുടുംബത്തിനുമാണ് കമ്മിഷന്റെ ഇടപെടൽ ആശ്വാസമായത്.
സൗദി അറേബ്യയിൽ 30 വർഷമായി പ്രവാസ ജീവിതം നയിച്ച ആളാണ് ഹൈദർ.കെട്ടിടത്തിനു സമീപത്തെ റോഡിലെ വൈദ്യുത ലൈനിൽ നിന്ന് നിയമാനുസൃതമായ അകലം പാലിച്ചില്ലെന്ന കാരണത്താലാണ് ആദ്യം അനുമതി നിഷേധിച്ചത്. തുടർന്ന് കമ്മിഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിനോട് റിപ്പോർട്ട് തേടി. വീടിനോട് ചേർന്നുള്ള വൈദ്യുത പോസ്റ്റ് മാറ്റി സ്ഥാപിച്ചതോടെ നിർമ്മാണത്തിലെ തടസ്സം നീക്കാനായി.
മലപ്പുറം കെ.പി.ബി.ആർ.യു.സി കമ്മിറ്റി ചേർന്ന് നിർമ്മാണം റഗുലറൈസ് ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. പുഴക്കാട്ടിരി പഞ്ചായത്ത് മലപ്പുറം ടൗൺ പ്ലാനിംഗ് വിഭാഗം, പുഴക്കാട്ടിരി ഇലക്ട്രിക്കൽ ഡിവിഷൻ എന്നിവയുടെ സംയുക്ത പ്രവർത്തന ഫലമായാണ് കമ്മിഷൻ ഉത്തരവ് യോഗത്തിൽ നടപ്പാക്കാനായത്.