ഡി വൈ എഫ് ഐ പ്രവര്ത്തകൻ കാഞ്ഞങ്ങാട് കല്ലൂരാവി അബ്ദുല്‍ റഹ്മാന് ഔഫിനെ കുത്തി കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു. ഔഫ് വധക്കേസിലെ മുഖ്യപ്രതിയായ യൂത്ത് ലീഗ് നേതാവ് ഇര്‍ഷാദിനെ കൊലപാതകം നടന്ന മുണ്ടത്തോട് ബാവ നഗര്‍ റോഡിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
അന്വേഷണസംഘം ഒരു മണിക്കൂറോളം നടത്തിയ തെരച്ചിലിനൊടുവിൽ കുത്താന്‍ ഉപയോഗിച്ച കത്തി സംഭവ സ്ഥലത്തു നിന്നും പത്തു മീറ്റര്‍ മാറി തെങ്ങിന് തോപ്പില്‍ നിന്നാണ് കണ്ടെടുത്തത് പ്രതിയെ തെളിവെടുപ്പിന് എത്തിക്കുന്ന വിവരം അറിഞ്ഞ് നിരവധി പേര് സംഭവസ്ഥലത്തെത്തിയിരുന്നു. അബ്ദുല്‍ റഹ്മാന് ഔഫിനെ കുത്തിയത് താന്‍ മാത്രമാണെന്നാണ് ഇര്‍ഷാദ് അന്വേഷണ സംഘത്തോട് പറഞ്ഞത്. മറ്റ് രണ്ട് പ്രതികള്‍ക്കും സംഭവത്തില്‍ പങ്കില്ലെന്നാണ് ഇര്‍ഷാദിന്റെ മൊഴി. ഇത് പക്ഷേ അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.
ഔഫിനൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്നു പേരും അന്വേഷണ സംഘത്തിന് നല്കിയ മൊഴിയില്‍ വൈരുദ്ധ്യമുണ്ട്. ഇത് കാരണം ഔഫിനൊപ്പ മുണ്ടായിരുന്നവരില്‍ നിന്ന് വീണ്ടും വിശദമായ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിലെ മറ്റ് രണ്ട് പ്രതികളായ ഹസന്, ആഷിര്‍ എന്നിവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും. കസ്റ്റഡി കാലാവധി കഴിഞ്ഞ് തിങ്കളാഴ്ച 11 മണിക്ക് ഇര്‍ഷാദിനെ കോടതിയില്‍ ഹാജരാക്കും.