പത്ത് വർഷത്തിൽ പ്രതീക്ഷിക്കുന്നത് 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം: ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്

143

വയനാട് : അടുത്ത പത്തു വർഷത്തിനകം 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് അടിസ്ഥാന സൗകര്യ വികസനത്തിൽ പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. നബാർഡ് സ്ഥാപകദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യ വികസനത്തിലാണ് കേരളം ഇപ്പോൾ ശ്രദ്ധ പതിപ്പിക്കുന്നത്. അതിവേഗ റെയിൽപാതയ്ക്ക് കിഫ്ബിയിലൂടെ 50,000 കോടി രൂപയാണ് സമാഹരിക്കുന്നത്. സാമ്പത്തിക പരിഷ്‌കാരം ധനകാര്യ മേഖലയിലേക്ക് വ്യാപിച്ചതായും ധനകാര്യ മേഖലയുടെ കാര്യക്ഷമത മാനദണ്ഡം സാമൂഹ്യ പ്രതിബദ്ധതയിൽ നിന്ന് മാറിയിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കർഷക ഉത്പാദക സംഘങ്ങളെ നബാർഡ് പോലെയുള്ള സ്ഥാപനങ്ങൾ സഹായിക്കുന്നതിലൂടെ വയനാടിന്റെ മുഖഛായ മാറ്റാനാവുമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. കേന്ദ്ര ധനമന്ത്രി ബഡ്ജറ്റിൽ പ്രഖ്യാപിച്ച കർഷക ഉത്പാദക സംഘങ്ങളെയും കാലാവസ്ഥാ അനുകൂല ഘടകങ്ങളെയും പ്രയോജനപ്പെടുത്തി വയനാടിനെ മാറ്റാനാവും. കാർബൺ ന്യൂട്രൽ വയനാടാക്കി മാറ്റുന്നതിന് കൂടുതൽ മരങ്ങൾ വച്ചു പിടിപ്പിക്കാം.
ഇവയെ ജിയോടാഗ് ചെയ്യുകയും ഒരു മരത്തിന് 50 രൂപ വീതം ലോൺ നൽകുകയും ചെയ്യാം.

മരം മുറിക്കുന്ന അവസരത്തിൽ പണം തിരിച്ചുപിടിക്കാമെന്ന നിർദേശം മന്ത്രി മുന്നോട്ടു വച്ചു. മീനങ്ങാടി പ്രാഥമിക സഹകരണ സംഘത്തിന്റെ മാതൃക അദ്ദേഹം എടുത്തുപറഞ്ഞു. ഇതിനൊപ്പം ഇക്കോ ടൂറിസത്തെയും പ്രോത്‌സാഹിപ്പിക്കാനാവും. വയനാട്ടിലെ കാപ്പി കർഷകരെ ഉൾപ്പെടുത്തി സംഘങ്ങൾ രൂപീകരിക്കുന്നതും പ്രത്യേക ബ്രാൻഡിന്റെ പ്രാധാന്യവും ധനമന്ത്രി വിശദീകരിച്ചു. ഇതോടൊപ്പം മത്‌സ്യബന്ധന മേഖലയിലും ശ്രദ്ധപതിപ്പിക്കണം. 20,000 ത്തോളം കുടുംബങ്ങളുടെ പുനരധിവാസമാണ് നടത്തേണ്ടതെന്ന് മന്ത്രി പറഞ്ഞു. സമൃദ്ധി കോഫി ടേബിൾ ബുക്ക്, നബാർഡിന്റെ പ്രവർത്തന റിപ്പോർട്ട്, ഗോ ഗ്രീൻ പോസ്റ്റർ, യൂണിറ്റ് കോസ്റ്റ് ബുക്ക്‌ലെറ്റ് എന്നിവ മന്ത്രി പ്രകാശനം ചെയ്തു.

ആർ. ബി. ഐ റീജ്യണൽ ഡയറക്ടർ എസ്. എം. എൻ. സ്വാമി, എസ്. എൽ. ബി. സി കൺവീനർ ജി. കെ. മായ, പി. എഫ് . ആർ. ഡി. എ ചീഫ് ജനറൽ മാനേജർ ആശിഷ് കുമാർ, എസ്. ബി. ഐ ജനറൽ മാനേജർ റുമ ഡേ, നബാർഡ് ചീഫ് ജനറൽ മാനേജർ ആർ. ശ്രീനിവാസൻ, ജനറൽ മാനേജർ ഡോ. പി. ശെൽവരാജ് എന്നിവർ സംബന്ധിച്ചു.

NO COMMENTS