ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി അജയ് കുമാറാണ് ഐ.എന്‍.എക്സ്. മീഡിയ കേസില്‍ അറസ്റ്റിലായ മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തെ നാലുദിവസം സി.ബി.ഐ. കസ്റ്റഡിയില്‍ വിടാൻ ഉത്തരവിട്ടത്. ചിദംബരത്തിനും ജാമ്യം അനുവദിക്കണമെന്നുമുള്ള അദ്ദേഹത്തിന്റെ അഭിഭാഷകരുടെ വാദം കോടതി തള്ളി. അഞ്ചുദിവസം ചോദ്യം ചെയ്യാനായി വിട്ടുകിട്ടണമെന്നായിരുന്നു സി.ബി.ഐ. ആവശ്യം.
തിങ്കളാഴ്ച വരെ സി.ബി.ഐ.ക്ക് ചിദംബരത്തെ കസ്റ്റഡിയില്‍വെച്ചു ചോദ്യം ചെയ്യാം. അദ്ദേഹത്തിന്റെ അന്തസ്സിനു ക്ഷതമേല്പിക്കുന്ന തരത്തിലുള്ള പെരുമാറ്റം ഉണ്ടാവരുതെന്നും ദിവസവും അരമണിക്കൂര്‍ കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണാന്‍ അനുവദിക്കണമെന്നും ജഡ്ജി ഉത്തരവിട്ടു. ബുധനാഴ്ച രാത്രി അറസ്റ്റുചെയ്ത ചിദംബരത്തെ വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സി.ബി.ഐ. സംഘം പ്രത്യേക കോടതിയിലെത്തിച്ചത്.
മൂന്നുമണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിനൊടുവിലാണ് കസ്റ്റഡിയില്‍ വേണമെന്ന സി.ബി.ഐ. ആവശ്യം കോടതി അംഗീകരിച്ചത്. ചിദംബരം അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ.ക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കുറ്റപ്പെടുത്തി. കേസില്‍ കുറ്റപത്രം തയ്യാറാക്കുന്ന ജോലി അവസാനഘട്ടത്തി ലാണെന്നും ഫലപ്രദമായ കൂടുതല്‍ അന്വേഷണം ചിദംബരത്തിന്റെ സാന്നിധ്യത്തിലേ സാധ്യമാവൂവെന്നും അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന അഭിഭാഷകരും കോണ്‍ഗ്രസ് നേതാക്കളുമായ അഭിഷേക് മനു സിംഘ്‌വി, കപില്‍ സിബല്‍ എന്നിവരാണു ചിദംബരത്തിനായി ഹാജരായത്. ചിദംബരത്തെയും വാദിക്കാന്‍ അനുവദിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടെങ്കിലും സോളിസിറ്റര്‍ ജനറല്‍ എതിര്‍ത്തു. കേസുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലായ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയുടെ പി.എ. ഭാസ്കര്‍ രാമന്‍ ഇപ്പോള്‍ ജാമ്യത്തിലാണെന്നു കപില്‍ സിബല്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മറ്റൊരു കേസില്‍ ജയിലിലുള്ള പ്രതികളായ ഇന്ദ്രാണി മുഖര്‍ജിയും പീറ്റര്‍ മുഖര്‍ജിയും ഈ കേസില്‍ ജാമ്യത്തിലാണ്. അതിനാല്‍ നിയമപ്രകാരമുള്ള ജാമ്യം ചിദംബരത്തിന് അനുവദിക്കണം- സിബല്‍ ആവശ്യപ്പെട്ടു.
മകളെ കൊന്ന കേസില്‍ അറസ്റ്റിലുള്ള ഇന്ദ്രാണി മുഖര്‍ജി മാപ്പുസാക്ഷിയായി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചിദംബരത്തിനെതിരേ ജാമ്യമില്ലാ വാറന്റ് സി.ബി.ഐ. പുറപ്പെടുവിച്ചതെന്ന് സിംഘ്‌വിയും വാദിച്ചു. ആരോപണങ്ങള്‍ ഗുരുതരമായതിനാലും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഇനിയും കണ്ടെത്തേണ്ടതുള്ളതി നാലും സി.ബി.ഐ.യുടെ വാദമുഖങ്ങള്‍ കോടതി അംഗീകരിച്ചു.
ഐ.എന്‍.എക്സ്. മീഡിയ കമ്ബനിക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് എഫ്.ഐ.പി.ബി. (വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ്) അനുമതി നല്‍കിയതിലെ ക്രമക്കേട്, ഇതിനെതിരേയുള്ള അന്വേഷണത്തില്‍ ഇടപെട്ടു, വിദേശനിക്ഷേപച്ചട്ടം ലംഘിച്ചു, ധനമന്ത്രിയെന്ന നിലയിലുള്ള സ്ഥാനം ദുരുപയോഗംചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ചിദംബരത്തിനെതിരേ ചുമത്തിയിട്ടുള്ളത്.
ചിദംബരത്തെ കോടതിയിലെത്തിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും മാധ്യമപ്രവര്‍ത്തകരും കോടതിക്കു വെളിയില്‍ തടിച്ചുകൂടിയിരുന്നു. കോടതിയിലെത്തിയ അദ്ദേഹം അഭിഭാഷകരെയും ജീവനക്കാരെയും തൊഴുകൈകളോടെയും പുഞ്ചിരിയോടെയും അഭിവാദ്യംചെയ്തു. ഇതിനു മുമ്പേ ഭാര്യ നളിനിയും മകന്‍ കാര്‍ത്തിയും കോടതിയിലെത്തിയിരുന്നു. വന്‍പോലീസ് സന്നാഹവും കോടതിപരിസരത്തുണ്ടായിരുന്നു.
‘അതേ നാടകം, അതേ രചന, ഒരു വ്യത്യാസവുമില്ല, ആകെ മാറ്റം കോടതി ശീതീകരിച്ചതാണ്’- ചിദംബരം വന്നപ്പോള്‍ തന്റെ അറസ്റ്റിനെയും കോടതിയില്‍ ഹാജരാക്കലിനെയും അനുസ്മരിച്ച് കാര്‍ത്തി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.