ഐപിഎല്‍ ; ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് 212 റണ്‍സ് വിജയലക്ഷ്യം

251

പൂനെ : ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് 212 റണ്‍സ് വിജയലക്ഷ്യം. ഷെയിന്‍ വാട്സന്‍റെയും എംഎസ് ധോണിയുടെയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ മികവില്‍ 20 ഓവറില്‍ 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ 211 റണ്‍സാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നേടിയത്. പതിനൊന്നാം ഓവറില്‍ 100 റണ്‍സ് കടന്ന ചെന്നൈയെ പിന്നീട് തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ഡല്‍ഹി ചെറുത്ത് നിര്‍ത്തുകയായിരുന്നു. ഫാഫ് ഡു പ്ലെസിയും(33), സുരേഷ് റെയ്‍ന(1), ഷെയിന്‍ വാട്സണ്‍(78) എന്നിവരെ തുടരെ തുടരെയുള്ള ഓവറുകളില്‍ നഷ്ടമായപ്പോള്‍ ചെന്നൈ 102/0 എന്ന നിലയില്‍ നിന്ന് 130/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

പിന്നീട് അമ്ബാട്ടി റായിഡുവും എംഎസ് ധോണിയും ചേര്‍ന്ന് അവസാന ആറോവറില്‍ 80 റണ്‍സാണ് നേടിയത്. 79 റണ്‍സാണ് നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. ധോണിയായിരുന്നു കൂടുതല്‍ അപകടകാരിയായി ബാറ്റ് വീശിയത്. തന്റെ ആദ്യ രണ്ടോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങിയ ട്രെന്റ് ബൗള്‍ട്ട് എറിഞ്ഞ 17ാം ഓവറില്‍ 21 റണ്‍സാണ് ധോണിയും റായിഡുവും ചേര്‍ന്ന് നേടിയത്. 36 പന്തില്‍ നിന്നാണ് 79 റണ്‍സ് കൂട്ടുകെട്ട് നേടിയത്. അവസാന ഓവറില്‍ ഒരു പന്ത് ശേഷിക്കെ അമ്ബാട്ടി റായിഡു(41) റണ്‍ഔട്ട് ആയപ്പോളാണ് സഖ്യം വേര്‍പിരിക്കപ്പെട്ടത്. എംഎസ് ധോണി 22 പന്തില്‍ 51 റണ്‍സ് നേടി പുറത്താകാതെ നിന്നു.

അമിത് മിശ്രയും അവേശ് ഖാനുമാണ് ഡല്‍ഹി നിരയില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞത്. മിശ്ര തന്റെ നാലോവറില്‍ 30 റണ്‍സ് വഴങ്ങി 1 വിക്കറ്റ് നേടിയപ്പോള്‍ അവേശ് ഖാന്‍ 28 റണ്‍സ് മാത്രമാണ് വിട്ടു നല്‍കിയത്. ധോണിയുടെ ക്യാച്ച്‌ കോളിന്‍ മണ്‍റോ കൈവിട്ടപ്പോള്‍ വിക്കറ്റ് പട്ടികയിലെ ഇടമാണ് യുവതാരത്തിനു നഷ്ടമായത്. ഗ്ലെന്‍ മാക്സ്വെല്‍, വിജയ് ശങ്കര്‍ എന്നിവരാണ് വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ച മറ്റു ഡല്‍ഹി താരങ്ങള്‍.

ആദ്യ രണ്ടോവറില്‍ 14 റണ്‍സ് വഴങ്ങിയ ബോള്‍ട്ടാണ് തന്റെ നാലോവര്‍ സ്പെല്‍ അവസാനിച്ചപ്പോള്‍ 48 റണ്‍സാണ് വഴങ്ങിയത്. ലിയാം പ്ലങ്കറ്റ് 3 ഓവറില്‍ 52 വഴങ്ങി.

NO COMMENTS