ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ഉജ്ജ്വല വിജയം. ബാംഗ്ലൂര്‍ മുന്നോട്ടുവെച്ച 143 റണ്‍സ് ലക്ഷ്യം മുംബൈ ഏഴു പന്ത് ബാക്കി നില്‍ക്കെ നാല് വിക്കറ്റിന് മറികടക്കുകയായിരുന്നു. 47 പന്തില്‍ 70 റണ്‍സുമായി പത്താം സീസണില്‍ ആദ്യമായി ഫോമിലേക്കുയര്‍ന്ന കീറോണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് മുംബൈക്ക് വിജയമൊരുക്കിയത്. ഒരു ഘട്ടത്തില്‍ മുംബൈ അഞ്ചു വിക്കറ്റിന് 33 റണ്‍സെന്ന നിലയിലായിരുന്നു. അവിടെ നിന്നും പൊള്ളാര്‍ഡ് മുംബൈ കൈപിടിച്ചുയര്‍ത്തുകയായിരുന്നു. 30 പന്തില്‍ 37 റണ്‍സടിച്ച് പുറത്താകാതെ നിന്ന് ക്രുണാല്‍ പാണ്ഡ്യെയുടെ പ്രകടനവും മുംബൈ ഇന്നിങ്സില്‍ നിര്‍ണായകമായി. സാമുവല്‍ ബദ്രി ഹാട്രിക് വിക്കറ്റ് നേടിയ മത്സരത്തില്‍ ഏഴു റണ്‍സെടുക്കുന്നതിനിടയില്‍ മുംബൈ നാല് വിക്കറ്റ് കളഞ്ഞിരുന്നു. ആദ്യ നാല് ബാറ്റ്സ്മാന്മാരും രണ്ടക്കം കാണാതെയാണ് പുറത്തായത്. നാല് ഓവറില്‍ ഒരു മെയ്ഡനോടു കൂടി ഒമ്പത് റണ്‍സ് മാത്രം വഴങ്ങി സാമുവല്‍ ബദ്രി നാല് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിനായി മികച്ച ബാറ്റിങ് പുറത്തെടുത്തത് നായകന് വിരാട് കോലിയാണ്. തോളിനേറ്റ പരിക്കില്‍ നിന്ന് മുക്തനായി പത്താം സീസണില്‍ അരങ്ങേറ്റം കുറിച്ച് കോലി അര്‍ധസെഞ്ചുറിയുമായി തിളങ്ങി. 47 പന്തില്‍ നിന്ന് അഞ്ചു ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 62 റണ്‍സാണ് കോലി അടിച്ചെടുത്തത്. മക്ഗ്ലീന്ഗന്റെ പന്തില്‍ ബട്ട്ലര്‍ക്ക് ക്യാച്ച് നല്കി കോലി പുറത്താകുകയായിരുന്നു. മികച്ച തുടക്കം ലഭിച്ചിട്ടും ബാംഗ്ലൂരിന് കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്താനായില്ല. കോലിക്ക് പിന്നാലെ വന്ന ബാറ്റ്സ്മാന് നിലയുറപ്പിക്കും മുമ്പ് വിക്കറ്റ് വലിച്ചെറിഞ്ഞത് ബാംഗ്ലൂരിന് തിരിച്ചടിയായി. 22 റണ്‍സെടുത്ത ക്രിസ് ഗെയ്ലിന്റെ വിക്കറ്റാണ് ബാംഗ്ലൂരിന് ആദ്യം നഷ്ടപ്പെട്ടത്. പിന്നീട് കോലി പുറത്തായി. അതിനു ശേഷം 21 പന്തില്‍ 19 റണ്‍സ് നേടിയ എബി ഡിവില്ലിയേഴ്സിനെ മനോഹരമായൊരു ക്യാച്ചിലൂടെ രോഹിത് ശര്‍മ്മ പുറത്താക്കി.
ബുംറയുടെ ഏറില്‍ കേദര്‍ ജാദവ് റണ്ണൗട്ടായപ്പോള്‍ മന്ദീപ് സിങ്ങ് നേരിട്ട ആദ്യ പന്തില്‍ തന്നെ ക്ലീന്‍ബൗള്‍ഡായി. സ്റ്റുവര്‍ട്ട് ബിന്നിയും പവന് നേഗിയും പുറത്താകാതെ നിന്നു. മുംബൈക്കായി മക്ഗ്ലീകന് രണ്ട് വിക്കറ്റ് വീഴ്ത്തി.