ന്യൂഡല്‍ഹി : ഐപിഎല്ലില്‍ മുംബൈയുടെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് അവസാനം കുറിച്ച് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്. 175 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ മുംബൈ നിരയില്‍ എവിന്‍ ലൂയിസ് മാത്രമാണ് ബാറ്റിഗ് മികവ് പുലര്‍ത്തിയത്. ആദ്യ ഓവറിലെ ആദ്യ മൂന്ന് പന്തില്‍ തനിക്കെതിരെ ഒരു സിക്‌സും ബൗണ്ടറിയും സഹിതം 12 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിനെ പുറത്താക്കി സന്ദീപ് ലാമിച്ചാനെ മുംബൈയ്ക്ക് ആദ്യ പ്രഹരം ഏല്പിച്ചു.
78/5 എന്ന നിലയില്‍ നിന്ന് ഹാര്‍ദ്ദിക് പാണ്ഡ്യ-രോഹിത് ശര്‍മ്മ കൂട്ടുകെട്ട് മുംബൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഹാര്‍ദ്ദിക് പാണ്ഡ്യ ആണ് കൂട്ടുകെട്ടില്‍ കൂടുതല്‍ അപകടകാരിയായത്. 43 റണ്‍സാണ് ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. 13 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയെയാണ് മുംബൈയ്ക്ക് നഷ്ടമായത്.
അവസാന മൂന്നോവറില്‍ 38 റണ്‍സാണ് മുംബൈയ്ക്ക് നേടേണ്ടിയിരുന്നത്. മൂന്ന് വിക്കറ്റ് കൈവശമുണ്ടായിരുന്ന മുംബൈയുടെ പ്രതീക്ഷ ബെന്‍ കട്ടിംഗ് ആയിരുന്നു. ലിയാം പ്ലങ്കറ്റ് എറിഞ്ഞ 18ാം ഓവറിലെ ആദ്യ മൂന്ന് പന്തില്‍ 14 റണ്‍സ് നേടി ബെന്‍ കട്ടിംഗ് വീണ്ടും മത്സരത്തില്‍ മുംബൈ പ്രതീക്ഷകള്‍ കാത്തു. എന്നാല്‍ അടുത്ത മൂന്ന് പന്തില്‍ ലിയാം പ്ലങ്കറ്റ് മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും ഓവറില്‍ 15 റണ്‍സ് എന്നത് മുംബൈയ്ക്ക് അനുകൂലമായി. അടുത്ത രണ്ടോവറില്‍ മുംബൈയ്ക്ക് 23 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്. ഓവര്‍ എറിഞ്ഞ ട്രെന്റ് ബൗള്‍ട്ട് 5 റണ്‍സ് മാത്രം വിട്ടു നല്‍കി മയാംഗ് മാര്‍ക്കണ്ടേയെ പുറത്താക്കി.
അമിത് മിശ്ര, ഹര്‍ഷല്‍ പട്ടേല്‍, സന്ദീപ് ലാമിച്ചാനെ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി. മിശ്ര തന്റെ നാലോവറില്‍ 19 റണ്‍സ് മാത്രം വിട്ടു നല്‍കിയ അമിത് മിശ്രയാണ് മുംബൈ നിരയുടെ നടുവൊടിച്ചത്. അവസാന ഓവറില്‍ രണ്ട് വിക്കറ്റ് നേടി ഹര്‍ഷല്‍ പട്ടേലും മികവ് പുലര്‍ത്തി. 36 റണ്‍സ് വഴങ്ങിയെങ്കിലും സന്ദീപും നിര്‍ണ്ണായകമായ മൂന്ന് വിക്കറ്റ് നേടി. ട്രെന്റ് ബൗള്‍ട്ടിനാണ് ഒരു വിക്കറ്റ്.