ബെംഗളൂരു: ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ് പഞ്ചാബ് കിങ്സ് ഇലവനോട് പത്ത് റണ്‍സിന് പരാജയപ്പെട്ടു. ബാംഗ്ലൂരിനിത് സീസണിലെ ഒമ്ബതാം തോല്‍വിയാണ്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നേടിയ താരതമ്യേന കുറഞ്ഞ സ്കോറായ 138 റണ്‍സ് പോലും മറികടക്കാന്‍ ബാംഗ്ലൂരിനായില്ല. 18.3 ഓവറില്‍ 119 റണ്‍സിന് എല്ലാവരും പുറത്തായി. 40 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത ഓപ്പണര്‍ മന്ദീപ് സിങിന് മാത്രമാണ് കാര്യമായ പ്രകടനം കാഴ്ചവെക്കാനായത്. ക്യാപ്റ്റന്‍ വിരാട് കോലി ആറു റണ്‍സെടുത്തും വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്ല്‍ പൂജ്യനായുമാണ് മടങ്ങിയത്. നേരത്തെ പഞ്ചാബ് ബാറ്റിങില്‍ തിളങ്ങിയ അക്സര്‍ പട്ടേല്‍ മൂന്നു വിക്കറ്റുകളും നേടി മത്സരത്തിലെ താരമായി. സന്ദീപ് ശര്‍മ മൂന്നും മോഹിത് ശര്‍മയും മാക്സ്വെലും രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ തീരുമാനം ശരിവെക്കും വിധമായിരുന്നു പഞ്ചാബിന്റെ ബാറ്റിങ്. ഷെയ്ന്‍ വാട്സണ്‍ ഒഴികെയുള്ള ബാംഗ്ലൂര്‍ ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന പ്രകടനത്തിന് മുന്നില്‍ പഞ്ചാബിന് റണ്‍മല തീര്‍ക്കാനായില്ല. അവസാന നിമിഷം വെടിപ്പൊട്ടിച്ച് 38 (17) റണ്‍സെടുത്ത് പുറത്താകാതെ നിന്ന് അക്സര്‍ പട്ടേലാണ് പഞ്ചാബ് നിരയിലെ ടോപ് സ്കോറര്‍. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 138 റണ്‍സെടുത്തത്.
ഇന്നത്തെ വിജയത്തോടെ പഞ്ചാബിന് പ്ലേ ഓഫ് സാധ്യത കൂടുതല്‍ സജീവമാക്കാനായി. പന്ത്രണ്ടില്‍ രണ്ട് മത്സരങ്ങള്‍ മാത്രം വിജയിച്ച റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ നേരത്തെ പുറത്തായിരുന്നു.