ബംഗളൂരു : ഇരുടീമുകള്‍ക്കും മത്സരം നിര്‍ണായകമാണ്. ഐപിഎല്‍ 12ാം സീസണില്‍ ഇന്ന് സണ്‍റൈസേഴ‌്സ‌് ഹൈദരബാദും മുംബൈ ഇന്ത്യന്‍സും തമ്മിലാണ‌് കളി. നിലവില്‍ പോയിന്റ‌് പട്ടികയില്‍ മൂന്നാമതാണ‌് മുംബൈ. 12 കളിയില്‍ 14 പോയിന്റ‌്. ഹൈദരാബാദ‌് നാലാമതാണ‌്. 12 പോയിന്റ‌്. മുംബൈക്ക‌് പ്ലേ ഓഫ‌് ഉറപ്പാക്കാന്‍ ഒരു ജയം മതി. തോറ്റാലും സാധ്യത ശേഷിക്കുന്നുണ്ട്. എന്നാല്‍ ഹൈദരാബാദിന‌് തോറ്റാല്‍ സാധ്യത മങ്ങും.ഡേവിഡ‌് വാര്‍ണറുടെ അഭാവം ഹൈദരാബാദിന്‍റെ പ്രകടനത്തെ ബാധിക്കാനാണ‌് സാധ്യത.
കഴിഞ്ഞ 12 മത്സരങ്ങളിലും വാര്‍ണറുടെ മികവാണ‌് ഹൈദരാബാദ‌് ബാറ്റിങ‌് നിരയെ തുണച്ചത‌്. ആദ്യ മത്സരങ്ങളില്‍ ജോണി ബെയര്‍സ‌്റ്റോയും വാര്‍ണറും ചേര്‍ന്ന‌് ഹൈദരാബാദിന‌് ഉശിരന്‍ തുടക്കം നല്‍കിയിരുന്നു.
ബെയര്‍സ‌്റ്റോ ഇടയ‌്ക്ക‌് ഇംഗ്ലണ്ടിലേക്ക‌് മടങ്ങിയതിനെ തുടര്‍ന്ന‌് ഒറ്റയ‌്ക്കാണ‌് വാര്‍ണര്‍ ഹൈദരാബാദ‌് ബാറ്റിങ‌് നിരയെ നയിച്ചത‌്. മറ്റാരും ടീമില്‍ സ്ഥിരത കാട്ടുന്നില്ല എന്നതും ടീമിന് തലവേദനയാണ് ബൗളര്‍മാരിലാണ‌് ടീമിന്‍റെ പ്രതീക്ഷ.
മുംബെ അവസാന കളിയില്‍ കൊല്‍ക്കത്ത നൈറ്റ‌് റൈഡേഴ‌്സിനോട‌് തോറ്റു. പ്ലേ ഓഫിലെ ശേഷിക്കുന്ന രണ്ട‌് സ്ഥാനങ്ങള്‍ക്കായി മുംബൈ, ഹൈദരാബാദ‌് ടീമുകള്‍ക്കൊപ്പം കിങ‌്സ‌് ഇലവന്‍ പഞ്ചാബ‌്, രാജസ്ഥാന്‍ റോയല്‍സ‌് ടീമുകളും രംഗത്തുണ്ട‌്.