ഇംഫാൽ ∙ രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് ഇറോം ശർമിള. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കും. ജനങ്ങൾ പിന്തുണച്ചില്ലെങ്കിൽ എന്റേതായ വഴിയിലൂടെ മുന്നോട്ടുപോകും. മണിപ്പൂരിന്റെ മുഖ്യമന്ത്രിയാകണം. മുഖ്യമന്ത്രിയായാൽ സൈന്യത്തിന്റെ പ്രത്യേകാധികാര നിയമം റദ്ദാക്കാൻ തനിക്ക് സാധിക്കുമെന്നും ശർമിള പറഞ്ഞു.
നിരാഹാരം അവസാനിപ്പിച്ചതുകൊണ്ട് എന്റെ സമരം അവസാനിക്കുന്നില്ല. പുതിയൊരു തുടക്കം ഉണ്ടാകും. ഞാൻ നിരാഹാര സമരം തുടരണമെന്നാണ് ജനങ്ങൾ ആഗ്രഹിച്ചത്. എന്നാൽ സമരം അവസാനിപ്പിക്കാനുള്ള തീരുമാനം എന്റേതായിരുന്നു. അതിൽ അവർ സന്തുഷ്ടരല്ല. ജനങ്ങളുടെ പിന്തുണ കുറഞ്ഞതിനാലാണു സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും ശർമിള പറഞ്ഞു.
തന്റെ ജീവനുനേരെ എന്തൊക്കെ ഭീഷണിയുണ്ടായും അതു കണക്കിലെടുക്കില്ല. തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ തന്നെയാണ് തന്റെ തീരുമാനമെന്നും അവർ വ്യക്തമാക്കി.