മത്സരിക്കാന്‍ ബി.ജെ.പി 36 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ഇറോം ശര്‍മ്മിള

242

ഇംഫാല്‍: ബി.ജെ.പിക്കെതിരെ ആരോപണവുമായി മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മ്മിള. നിരാഹാര സമരം അവസാനിപ്പിച്ച്‌ കഴിഞ്ഞ് മണിപ്പൂരില്‍ മത്സരിക്കുന്നതിന് ബി.ജെ.പി 36 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ഇറോം ശര്‍മ്മിള ആരോപിച്ചു. സമരം കഴിഞ്ഞ ഉടന്‍ താന്‍ സന്ദര്‍ശിച്ച ഒരു ബി.ജെ.പി നേതാവാണ് പണം വാഗ്ദാനം ചെയ്തത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ധാരാളം പണം ആവശ്യമാണെന്നും അത് തന്റെ കൈവശമുണ്ടോയെന്നും ബി.ജെ.പി നേതാവ് ചോദിച്ചു. പണമില്ലെങ്കില്‍ കേന്ദ്രത്തില്‍ നിന്ന് അത് തരാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. അതേസമയം പണം വാഗ്ദാനം ചെയ്ത നേതാവിന്റെ പേര് വെളിപ്പെടുത്താന്‍ ഇറോം തയ്യാറായില്ല. അതേസമയം ഇറോം ശര്‍മ്മിളയുടെ ആരോപണം ബി.ജെ.പി നേതാവ് റാം മാധവ് തള്ളിക്കളഞ്ഞു.
മണിപ്പൂരില്‍ മൊത്തം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ബി.ജെ.പി അത്രയും തുക ചെലവഴിക്കില്ലെന്ന് റാം മാധവ് പറഞ്ഞു.
മണിപ്പൂരിലെ പ്രത്യേക സൈനികാധികാര നിയമത്തിനെതിരെ പതിനാറ് വര്‍ഷം നീണ്ട നിരാഹാര സമരം നടത്തിയ ഇറോം ശര്‍മ്മിള കഴിഞ്ഞ ഓഗസ്റ്റ് 9നാണ് സമരം അവസാനിപ്പിച്ചത്. തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച അവര്‍ രണ്ട് മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കാനാണ് തയ്യാററെടുക്കുന്നത്. ഇറോമിന്റെ സ്വന്തം മണ്ഡലമായ ഖുരായില്‍ നിന്നും മുഖ്യമന്ത്രിക്കെതിരെ തൗബുല്‍ മണ്ഡലത്തില്‍ നിന്നും അവര്‍ മത്സരിച്ചേക്കും.

NO COMMENTS

LEAVE A REPLY