കൊല്‍ക്കത്ത : കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി. നിര്‍ണായക മത്സരത്തില്‍ എടികെ കൊല്‍ക്കത്തയോട് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങി. രണ്ടുതവണ മുന്നിട്ടു നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്. ബെര്‍ബറ്റോവും ഗുഡ്യോണും വലകുലുക്കിയിട്ടും 2-2 സമനിലയെ കേരളത്തിന് നേടാനായുള്ളൂ. ഗുഡ്യോണിനേയും വിനീതിനേയും മുന്നേറ്റ നിരയില്‍ ഇറക്കി ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് തുടക്കം മുതല്‍ ആക്രമണ ഫുട്ബോള്‍ ആണ് കാഴ്ചവെച്ചത്. അതിനുള്ള ഫലം 33ആം മിനുട്ടില്‍ ഗുഡ്യോണിന്റെ ഗോളിലൂടെ കേരളത്തിന് കിട്ടി. പ്രശാന്ത് മോഹന്റെ മികവുറ്റ ക്രോസിന് തലവെച്ചായിരുന്നു ഗുഡ്യോണിന്റെ ഗോള്‍. ഐസ്ലാന്റ് താരത്തിന്റെ ആദ്യ ഐ എസ് എല്‍ ഗോളാണിത്.
പക്ഷെ ലീഡ് നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിനായില്ല. അഞ്ച് മിനുട്ടുകള്‍ക്കകം ടെയ്ലറിലൂടെ കൊല്‍ക്കത്ത സമനില പിടിച്ചു. ഒരു ഡിഫ്ലക്റ്റഡ് ലോംഗ് റേഞ്ചര്‍ സുഭാഷിഷിനെ മറികടക്കുക ആയിരുന്നു. രണ്ടാം പകുതില്‍ 55ആം മിനുറ്റിലായിരുന്നു ബെര്‍ബറ്റോവ് തന്റെ മാന്ത്രിക സ്പര്‍ശം പുറത്തെടുത്തത്. ബോക്സിന് പുറത്ത് നിന്ന് ബെര്‍ബ തൊടുത്ത ഫസ്റ്റ് ടച്ച് ഷോട്ട് വലയില്‍ എത്തുകയയിരുന്നു. ഇത്തവണയും ബ്ലാസ്റ്റേഴ്സിന് ലീഡ് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. 75ആം മിനുട്ടില്‍ തോര്‍പ്പിന്റെ ഹെഡറില്‍ എടികെ വീണ്ടും ഒപ്പം. ജയം അത്യാവശ്യമായിരുന്ന ബ്ലാസ്റ്റേഴ്സ് ബെര്‍ബയെ മാറ്റി യുവതാരം സഹലിന് അരങ്ങേറ്റം കൊടുത്തിട്ടും രക്ഷയുണ്ടായില്ല. സമനിലയോടെ കേരളം 21 പോയന്റോടെ അഞ്ചാം സ്ഥാനത്തേക്ക് കയറിയെങ്കിലും മൂന്നു മത്സരങ്ങള്‍ കുറവ് കളിച്ച ഗോവ 20 പോയന്റുമായി പിറകില്‍ ഉണ്ട്. ഇനി മൂന്നു മത്സരങ്ങള്‍ മാത്രമെ ബ്ലാസ്റ്റേഴ്സിന് ബാക്കിയുള്ളൂ.