നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്ത് മുംബൈ

290

മുംബൈ• ഐഎസ്‌എല്‍ മൂന്നാം സീസണില്‍ ആദ്യ രണ്ടു മല്‍സരങ്ങള്‍ ജയിച്ച്‌ കരുത്തുകാട്ടിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് മുംൈബ സിറ്റി എഫ്സിക്കെതിരായ മൂന്നാം മല്‍സരത്തില്‍ തോല്‍വി. മുന്‍ യുറഗ്വായ് താരം ഡീഗോ ഫോര്‍ലാന്‍ പെനല്‍റ്റിയിലൂടെ നേടിയ ഗോളാണ് മുംബൈ സിറ്റി എഫ്സിക്ക് തുടര്‍ച്ചയായ രണ്ടാം ജയം സമ്മാനിച്ചത്. സ്വന്തം മൈതാനത്ത് നടന്ന ആദ്യ രണ്ടു മല്‍സരങ്ങളും ജയിച്ച നോര്‍ത്ത് ഈസ്റ്റിന് ആദ്യ എവേ മല്‍സരം തന്നെ തോല്‍വിയുടെ കയ്പു നിറഞ്ഞതായി.
വിജയത്തോടെ രണ്ടു മല്‍സരങ്ങളില്‍ നിന്ന് ആറു പോയിന്റുമായി മുംബൈ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. തോറ്റെങ്കിലും മൂന്നു മല്‍സരങ്ങളില്‍നിന്ന് ആറു പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തി.

ആദ്യ മല്‍സരത്തില്‍ ഗോളിന് വഴിയൊരുക്കി സാന്നിധ്യമറിയിച്ച ഫോര്‍ലാന്‍, ഇത്തവണ ഗോളടിച്ച്‌ കൈയ്യടി നേടി. ഗോളൊഴിഞ്ഞ ആദ്യ പകുതിക്ക് ശേഷം 55-ാം മിനിറ്റിലായിരുന്നു ഫലം നിര്‍ണയിച്ച ഗോള്‍. മുംബൈ താരം പ്രണോയ് ഹാള്‍ഡറിനെ റീഗന്‍ ബോക്സിനുള്ളില്‍ വീഴ്ത്തിയതിന് മുംബൈയ്ക്ക് അനുകൂലമായി പെനല്‍റ്റി. നിരവധി രാജ്യാന്തര മല്‍സരങ്ങളുടെ പരിചയസമ്ബത്തുമായി കിക്കെടുക്കാനെത്തിയത് ഫോര്‍ലാന്‍. ആരാധകരുടെ കൈയടികള്‍ക്കിടെ ഫോര്‍ലാന്‍ എടുത്ത ഷോട്ടിന് കണക്കാക്കി ചാടിയെങ്കിലും പന്ത് കുത്തി പുറത്തുകളയാന്‍ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ സുബ്രതോ പോളിനായില്ല. പന്ത് വലയുടെ വലതുമൂലയിലേക്ക്. മുംബൈ ഒരു ഗോളിന് മുന്നില്‍.
സീസണിലാദ്യമായി പിന്നിലായിപ്പോയ നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍ ഗോള്‍ നേടാന്‍ ആവതു ശ്രമിച്ചെങ്കിലും മുംബൈ പ്രതിരോധം ഭേദിക്കാനായില്ല. മുംബൈയുടെ വലകാത്ത ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ റോബര്‍ട്ടോ വോള്‍പാറ്റോയുടെ മിന്നല്‍ സേവുകളും മുംബൈയുടെ രക്ഷയ്ക്കെത്തി. അവസാന നിമിഷങ്ങളില്‍ സമനില ഗോളിനായി മുംബൈ ബോക്സില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് തുടര്‍ച്ചയായി മൂന്നു കോര്‍ണറുകള്‍ നേടിയെങ്കിലും ഒന്നും ഗോളാക്കി മാറ്റാനായില്ല. ഫലം, സീസണിലെ ആദ്യ തോല്‍വിയോടെ നോര്‍ത്ത് ഈസ്റ്റിന് എവേ മൈതാനത്ത് അരങ്ങേറ്റം.

NO COMMENTS

LEAVE A REPLY