ചെന്നെെ: ഗോവയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ചെന്നൈയിന്‍ എഫ്.സി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഫെെനലില്‍ പ്രവേശിച്ചു. ഇന്ന് നടന്ന രണ്ടാം സെമിയുടെ രണ്ടാം പാദത്തില്‍ എഫ് സി ഗോവയെ തകര്‍ത്താണ് ചെന്നൈയിന്‍ ഫൈനലിലേക്ക് കുതിച്ചത്. മറീന അരീനയില്‍ നടന്ന പോരാട്ടത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ചെന്നൈയിന്‍ ഗോവയെ തോല്‍പ്പിച്ചത്. അഗ്രിഗേറ്റില്‍ 4-1 എന്ന് സ്കോറിനാണ് സെമിഫൈനല്‍ ചെന്നൈ കടന്നത്.
ആദ്യ പകുതിയില്‍ പിറന്ന രണ്ട് ഹെഡര്‍ ഗോളുകളാണ് ഗോവ പ്രതീക്ഷകള്‍ തകര്‍ത്തത്. തുടക്കത്തില്‍ എഫ് സി ഗോവ ആയിരുന്നു കളി മികച്ച രീതിയില്‍ തുടങ്ങിയത്. പക്ഷെ 26ആം മിനുട്ടില്‍ കളിയുടെ ഗതി മാറി. ജെജെയാണ് ഒരു ഫ്രീ ഹെഡറിലൂടെ ചെന്നൈക്ക് ലീഡ് കൊടുത്തത്. ഗോളിന് ശേഷം കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ചെന്നൈ മൂന്ന് മിനുട്ടുകള്‍ക്കകം വീണ്ടും ലക്ഷ്യം കണ്ടു.
ധന്‍പാല്‍ ഗണേഷായിരുന്നു രണ്ടാമത്തെ ഗോള്‍ നേടിയത്. രണ്ട് ഗോള്‍ നേടിയതോടെ ഡിഫന്‍സിലൂന്നി ഫൈനലിലേക്കുള്ള വഴി തെളിക്കാന്‍ ചെന്നൈയിനായി. ഒപ്പം കരണ്‍ജിതിന്റെ മികച്ച പ്രകടനവും ചെന്നൈക്ക് രക്ഷയായി. മികച്ച നിരവധി സേവുകളാണ് കരണ്‍ജിത് ഇന്ന് ക്രോസ് ബാറിന് കീഴില്‍ നടത്തിയത്. കളിയുടെ അവസാന നിമിഷം ജെജെ തന്റെ രണ്ടാം ഗോളോടെ ഗോവയുടെ അവസാനവും ഉറപ്പിച്ചു.
ചെന്നൈയിന്‍ എഫ് സി യോഗ്യത നേടുന്ന രണ്ടാം ഫൈനലാണിത്. ആദ്യം ഫൈനലില്‍ എത്തിയപ്പോള്‍ ചെന്നൈയിന്‍ കിരീടം ഉയര്‍ത്തിയിരുന്നു. മാര്‍ച്ച് 17ന് ബെംഗളൂരുവില്‍ വെച്ച് ബെംഗളൂരു എഫ് സിയുമായാണ് ഫൈനല്‍ മത്സരം.