കൊച്ചി : കേരള ബ്ലാസ്റ്റേഴ്സിന് സമനില. ശക്തമായ പോരാട്ടത്തിന് ഒടുവില്‍ ഡെല്‍ഹി ഡൈനാമോസ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം തട്ടിയെടുത്തത്. കളിയുടെ 84ആം മിനുട്ട് വരെ മുന്നിട്ട് നിന്നിട്ടാണ് കേരളം ഇന്ന് സമനില വഴങ്ങിയത്. രണ്ടാം പകുതിയില്‍ പൊപ്ലാനിക് സബ്ബായി എത്തിയതോടെ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ കളി മെച്ചപ്പെട്ടത്. 48ആം മിനുട്ടില്‍ ആയിരുന്നു വിനീതിന്റെ ഗോള്‍ പിറന്നത്. ഒരു കോര്‍ണറിന്റെ ഒടുവില്‍ വിനീതിലേക്ക് എത്തിയ പന്ത് താരം ഒരു ഇടം കാലന്‍ ഫിനിഷിലൂടെ വലയിലാക്കി. വിനീതിന്റെ ഈ സീസണിലെ ആദ്യ ഗോളായിരുന്നു ഇത്. ഈ ഗോളോടെ കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന ഇയാന്‍ ഹ്യൂമിന്റെ റെക്കോര്‍ഡിനൊപ്പം വിനീതും എത്തി. വിനീതിന്റെ പത്താം ബ്ലാസ്റ്റേഴ്സ് ഗോളായിരുന്നു ഇത്. വിനീതിന്റെ ഗോളിന് ശേഷം ഡെല്‍ഹി വീണ്ടും അറ്റാക്കിംഗിലേക്ക് തിരിഞ്ഞു. കേരള ഡിഫന്‍സ് ഭേദിക്കാന്‍ എളുപ്പത്തില്‍ അവര്‍ക്കായില്ല. പക്ഷെ നിരന്തരം പൊരുതിയ ഡെല്‍ഹി 83ആം മിനുട്ടില്‍ അര്‍ഹിച്ച സമനില കണ്ടെത്തി. കലുദരോവിചിന്റെ ഹെഡറിലൂടെ ആയിരുന്നു ഡെല്‍ഹി സമനില നേടിയത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഇപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സിന് അഞ്ചു പോയന്റാണുള്ളത്.