ഗുവാഹത്തി : ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് തോറ്റത്. എക്‌സ്ട്രാ ടൈമില്‍ രണ്ട് ഗോളുകള്‍ നേടിയാണ് നോര്‍ത്ത് ഈസ്റ്റ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. 73ാം മിനുട്ടില്‍ പ്ലൊപ്ലാറ്റ്‌നിക്കിന്റെ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി. സക്കീര്‍ മുണ്ടംപാറ എടുത്ത പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ഒരു തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയാണ് പൊപ്ലാറ്റ്‌നിക്ക് ഗോള്‍ കണ്ടെത്തിയത്.
എന്നാല്‍, 93ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നൈജീരിയന്‍ സ്‌ട്രൈക്കര്‍ ഓഗ്‌ബെചെ അതിഥേയര്‍ക്ക് സമനില സമ്മാനിച്ചു. തൊട്ടുപിന്നാലെ മാസിയയുടെ തകര്‍പ്പന്‍ ഗോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പരാജയം കുറിച്ചു. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയാണിത്.