ഗോവ: കേരള ബ്ലാസ്റ്റേഴ്സ് – എഫ്.സി ഗോവ പോരാട്ടം ഇന്ന് ഗോവയില്‍ നടക്കും. രാത്രി എട്ട് മണിക്കാണ് കളി ആരംഭിക്കുക. സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എവേ പോരാട്ടമാണ് ഇന്ന് ഗോവയില്‍ നടക്കുന്നത്. സ്വന്തം തട്ടകത്തില്‍ അരങ്ങേറിയ മൂന്ന് മത്സരങ്ങളും സമനിലയില്‍ അവസാനിപ്പിച്ചാണ് വിജയം തേടി ബ്ലാസ്റ്റേഴ്സ് ഗോവയിലെത്തിയത് ആദ്യ രണ്ട് മത്സരങ്ങളിലും ഗോള്‍ നേടാനാകാതെ പോയ ടീം രണ്ടാം മത്സരത്തില്‍ ഒരു ഗോള്‍ നേടിയിരുന്നു. എന്നാല്‍ ഒരു ഗോള്‍ മടക്കി വാങ്ങി ആ മത്സരത്തിലും ടീം അപ്രതീക്ഷിതമായി സമനിലയില്‍ ആവുകയായിരുന്നു. അവസാന രണ്ട് മത്സരങ്ങളിലും ടീം മൊത്തത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. അതുകൊണ്ട് തന്നെ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. അതേസമയം എതിരാളികളായ ഗോവ സീസണില്‍ കളിച്ച മൂന്നില്‍ രണ്ട് കളികളിലും വിജയിച്ചാണ് നില്‍ക്കുന്നത്. ആറ് പോയിന്റുമായി അവര്‍ നാലാം സ്ഥാനത്താണ്. ഗോവയെ അവരുടെ തട്ടകത്തില്‍ നേരിടാനിറങ്ങുകയെന്ന കനത്ത വെല്ലുവിളിയാണ് ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ള വലിയ കടമ്ബ. വെല്ലുവിളി മറികടന്ന് വിജയത്തോടെ ആദ്യ എവേ പോരാട്ടം മികച്ചതാക്കുകയാവും റെനെ മ്യൂളന്‍സ്റ്റീനും സംഘവും ലക്ഷ്യമിടുന്നത്.