കൊച്ചി : കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും ഇന്നു കൊച്ചിയില്‍ ഏറ്റുമുട്ടും. സന്ദേശ് ജിങ്കാന്‍ നയിക്കുന്ന ബ്ലാസ്റ്റേഴ്സും സുനില്‍ ഛേത്രി നയിക്കുന്ന ബെംഗളൂരുവും ഏറ്റുമുട്ടുമ്ബോള്‍ സീസണിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിനാകും കൊച്ചി സാക്ഷ്യം വഹിക്കുക. ഇന്ന് വൈകിട്ട് അഞ്ച് മുപ്പതിനാണ് മല്‍സരം. എവേ മല്‍സരത്തില്‍ ചെന്നൈയിന്‍ എഫ്സിക്കെതിരെ അവസാന മിനിറ്റില്‍ സി.കെ.വിനീതിന്റെ തകര്‍പ്പന്‍ ഗോളിലൂടെ സമനില പിടിച്ചതിന്റെ ആവേശത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. പരുക്കേറ്റ റിനോ ആന്റോ ബ്ലാസ്റ്റേഴ്സ് നിരയില്‍ ഉണ്ടാകില്ല. പരുക്കേറ്റ് വിശ്രമത്തിലായിരുന്ന സൂപ്പര്‍ താരം ബെര്‍ബറ്റോവ് കളിക്കുന്ന കാര്യവും സംശയമാണ്. ബെംഗളൂരു എഫ്സിയില്‍ ഏറെക്കാലം ഒരുമിച്ചു കളിച്ച സുനില്‍ ഛേത്രിയും സി.കെ.വിനീതും സന്ദേശ് ജിങ്കാനും എതിര്‍ചേരികളില്‍ അണിനിരക്കുമ്ബോള്‍ പോരാട്ടം പുതിയ തലത്തിലെത്തും. മികച്ച വിജയത്തോടെ പുതുവല്‍സരം ആഘോഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇന്ന് പോരിനിറങ്ങുന്നത്.