ജംഷഡ്പുര്‍: ഐഎസ്എല്ലില്‍ സീസണിലെ മൂന്നാം മത്സരത്തില്‍ ഒഡീഷയ്ക്കെതിരെ ജംഷഡ്പുരിന് മിന്നും ജയം.17-ാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ ജംഷഡ്പുരാണ് ആദ്യം സ്കോര്‍ ചെയ്തത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ജംഷഡ്പുര്‍ എഫ്സി വിജയം കണ്ടത്. കളിയുടെ 35ാം മിനിറ്റില്‍ ജംഷഡ്പുരിന്റെ ബികാസ് ജെയ്റുവിന് ചുവപ്പു കാര്‍ഡ് ലഭിച്ചു.
പത്തുപേരായി ചുരുങ്ങിയ ജംഷഡ്പുരിനെതിരേ 40-ാം മിനിറ്റില്‍ ഒഡീഷ ഒപ്പത്തിനൊപ്പമെത്തി. അറിഡെയ്ന്‍ സന്റ്നയാണ് ഒഡീഷയ്ക്കായി ജംഷഡ്പൂരിന്റെ വലകുലുക്കിയത്. ആദ്യ പകുതി 1-1ന് ഇരു ടീമുകളും സമനില പാലിച്ചു. രണ്ടാം പകുതിയില്‍ ഒഡീഷയായിരുന്നു കൂടുതല്‍ ആക്രമണകാരികളെങ്കിലും അവസരങ്ങള്‍ ഗോളാക്കി മാറ്റുന്നതില്‍ അവര്‍ പരാജയപ്പെട്ടു. 85ാം മിനിറ്റില്‍ സെര്‍ജിയോ കാസ്റ്റലിന്റെ ഷോട്ട് ഒഡീഷ ആരാധകരുടെ നെഞ്ചുതുളച്ച് ഗോള്‍ വര കടന്നപ്പോള്‍ ജംഷഡ്പൂര്‍ നിര്‍ണായകമായ ജയം സ്വന്തമാക്കി.