ന്യൂഡല്‍ഹി• പതിവ് ആക്രമണ രീതിയായ സ്ഫോടനങ്ങള്‍ക്കു പകരം കത്തിയും വടിവാളും ആയുധമാക്കി ഇന്ത്യയില്‍ ആക്രമണം നടത്താന്‍ തയാറെടുത്ത് ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരര്‍. സ്ഫോടക വസ്തുക്കള്‍ ശേഖരിക്കുന്നതിലും ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിലും നേരിടുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് കത്തിയും വടിവാളും ആയുധമാക്കാന്‍ ഇന്ത്യയിലെ ഐഎസ് പോരാളികള്‍ക്ക് നേതൃത്വം നിര്‍ദ്ദേശം നല്‍കിയത്. ഇന്ത്യയിലെത്തുന്ന വിദേശികളെയാണ് ഇത്തരം ആക്രമണങ്ങള്‍ക്കായി അവര്‍ ലക്ഷ്യമിടുന്നത്.
മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു പ്രമുഖ ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സ്ഫോടക വസ്തുക്കള്‍, ഐഇഡികള്‍, മറ്റ് ഓട്ടോമാറ്റിക് ആയുധങ്ങള്‍ തുടങ്ങിയവ ശേഖരിക്കുന്നതും ലക്ഷ്യത്തിലെത്തിക്കുന്നതും അതീവ വെല്ലുവിളി നിറഞ്ഞ ജോലിയായതിനാല്‍ അതൊഴിവാക്കി പകരം വടിവാളുകളും കത്തികളും ആയുധമാക്കാനാണ് ഐഎസ് നേതൃത്വം ഇന്ത്യയിലെ അനുയായികളെ പ്രോത്സാഹിപ്പിക്കുന്നത്.
ഇവ സംഘടിപ്പിക്കുന്നതിലുള്ള ചെലവു കുറവും ലക്ഷ്യത്തിലേക്ക് ഒളിച്ചു കടത്താന്‍ എളുപ്പമാണെന്നതും ആക്രമണത്തിന് ഈ മാര്‍ഗം തിരഞ്ഞെടുക്കാന്‍ ഐഎസ് ഭീകരരെ പ്രേരിപ്പിക്കുന്നു – ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.
ഇക്കഴിഞ്ഞ ജൂലൈയിലാണ് കത്തിയും വടിവാളും ആയുധമാക്കിയുള്ള ഐഎസ് ഭീകരരുടെ പുതിയ നീക്കം ഇന്റലിജന്‍സിന്റെ ശ്രദ്ധയില്‍പെടുന്നത്. മസിയുദ്ദീന്‍ എന്നു വിളിപ്പേരുള്ള അബു മൂസ എന്നയാള്‍ ഇത്തരമൊരു ആക്രമണത്തിന് ശ്രമിക്കുമ്ബോള്‍ പശ്ചിമ ബംഗാള്‍ പൊലീസ് പിടികൂടിയിരുന്നു. ഇയാളില്‍നിന്ന് വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. അടുത്തിടെ കേരളം, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്ന് പിടിയിലായ ഐഎസ് അനുഭാവികളും ഇത്തരം ആക്രമണങ്ങള്‍ക്കു പദ്ധതിയിട്ട വിവരം അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു. രണ്ട് ദക്ഷിണേഷ്യന്‍ സംസ്ഥാനങ്ങളില്‍ വിദേശികളെ ആക്രമിക്കാനായിരുന്നു ഇവരുടെ പദ്ധതി.
ഇന്ത്യയില്‍ സാന്നിധ്യമറിയിക്കുക എന്നതാണ് ഇത്തരം ആക്രമണങ്ങളിലൂടെ അവര്‍ ലക്ഷ്യമിടുന്നതെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനായി ആളുകള്‍ക്കിടയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു പദ്ധതി. വിദേശികളെ ലക്ഷ്യമിടുന്നതിലൂടെ ഇത്തരം ആക്രമണങ്ങള്‍ക്ക് രാജ്യാന്തര ശ്രദ്ധ ലഭിക്കുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. ഈ ആക്രമണങ്ങളുടെ ചിത്രങ്ങളും വിഡിയോയും പകര്‍ത്തി അത് ഐഎസ് നേതൃത്വത്തിന് അയച്ചുകൊടുക്കാനും ഇവര്‍ ലക്ഷ്യമിട്ടിരുന്നു. അവ ഐഎസിന്റെ ഓണ്‍ലൈന്‍ വേദികളില്‍ അപ്ലോഡ് ചെയ്ത് കൂടുതല്‍ ആളുകളെ സംഘടനയിലേക്ക് ചേര്‍ക്കുകയായിരുന്നു ലക്ഷ്യം.
ജൂലൈ ഒന്നിന് ധാക്കയിലെ സ്പാനിഷ് കഫേയില്‍ നടത്തിയ ആക്രമണത്തില്‍ ഐഎസ് ഭീകരര്‍ ഈ മാര്‍ഗമാണ് ഉപയോഗിച്ചത്. വിദേശികളെ തിരഞ്ഞുപിടിച്ച് വധിച്ച അവര്‍, കൊലപാതക ചിത്രങ്ങളും വിഡിയോകളും ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു.