മുംബൈ ∙ മുംബൈയിൽ ദമ്പതികളും ബന്ധുക്കളുമടക്കം അഞ്ചുപേർ ഭീകര സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിൽ ചേർന്നതായി റിപ്പോർട്ട്. അഷ്ഫഖ് അഹമ്മദ് (26), ഭാര്യ, മകൾ, ബന്ധുക്കളായ മുഹമ്മദ് സിറാജ് (22), ഇജാസ് റഹ്‍മാൻ (30) എന്നിവരാണു കഴിഞ്ഞ ജൂണിൽ ഐഎസിൽ ചേരാനായി രാജ്യം വിട്ടത്.ഇസ്‍ലാമിക് സ്റ്റേറ്റിൽ ചേരാനായി രാജ്യം വിട്ടെന്നും തിരിച്ചുവരാൻ ആഗ്രഹിക്കുന്നില്ലെന്നും മാതാപിതാക്കളെ സംരക്ഷിക്കണമെന്നും പറഞ്ഞ് തന്റെ ഇളയ സഹോദരനു ജൂൺ അവസാനം അഷ്ഫഖ് മൊബൈൽ സന്ദേശം അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഓഗസ്റ്റ് ആറിന് അഷ്ഫഖിന്റെ പിതാവ് അബ്ദുൽ മജീദ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. മതപ്രഭാഷകനായ മുഹമ്മദ് ഹനീഫ്, അഷ്ഫാഖിനൊപ്പം സിറിയ സന്ദര്‍ശിച്ച മലയാളിയായ ഒരു സ്‌കൂള്‍ അധ്യാപകന്‍, നവി മുംബൈ സ്വദേശി ആര്‍ഷി ഖുറേഷി, കല്യാണ്‍ സ്വദേശി റിസ്‍വാന്‍ ഖാന്‍ എന്നിവര്‍ ചേർന്നു തന്റെ മകനെ ഐഎസില്‍ ചേർത്തുവെന്നാണു മജീദിന്റെ പരാതി.
പരാതിയെത്തുടർന്ന് മതപ്രഭാഷകനായ മുഹമ്മദ് ഹനീഫിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ആര്‍ഷി ഖുറേഷിയും റിസ്‍വാന്‍ ഖാനും മലയാളികളെ ഐഎസിലേക്കു റിക്രൂട്ട് ചെയ്ത കേസില്‍ കേരള പൊലീസിന്റെ കസ്റ്റഡിയിലാണ്.
സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും ഇതിൽ ഹനീഫിനു പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ അറിയിച്ചു. അതേസമയം, അഷ്ഫാഖിനെ രാജ്യംവിടാൻ സഹായിച്ചത് ഹനീഫയാണെന്നതു സ്ഥിരീകരിക്കാനാവശ്യമായ തെളിവൊന്നും പൊലീസിനു ഇതുവരെ ലഭിച്ചിട്ടില്ല. അഷ്ഫാഖിന്റെ ഭാര്യ രാജ്യം വിട്ടത് സ്വന്തം ഇഷ്ടപ്രകാരമാണോ അതോ നിർബന്ധിച്ചു കൊണ്ടുപോയതാണോ എന്നതു വ്യക്തമല്ല. പക്ഷേ കഴിഞ്ഞ മാർച്ച് -ഏപ്രിൽ മാസങ്ങളിൽ അഷ്ഫാഖും ഭാര്യയും മതപഠനത്തിനായി ശ്രീലങ്ക സന്ദർശിച്ചിരുന്നു.