കണ്ണൂര്‍: കേരളത്തില്‍ ഐസിസ് ആശയങ്ങള്‍ നവമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് 35 അംഗ സംഘമെന്നു പൊലീസ്. യെമനില്‍ സലഫി മതപാഠശാലയില്‍ പരിശീലനം നേടിയ ഇവര്‍ കേരളത്തിലുണ്ടെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിഗമനം. ഫേസ്ബുക്കിലൂടെ പരസ്യമായാണ് ഇവര്‍ ഐസിസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത്. 35 പേരും യെമനിലെ ഒരു സലഫി മതപാഠശാലയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു പരിശീലനം നേടിയവരാണ്.
35 പേരെയും തിരിച്ചറിഞ്ഞ പൊലീസ്, സമൂഹമാദ്ധ്യമങ്ങളില്‍ ഇവരുടെ ഓരോ നീക്കവും നിരീക്ഷിച്ചുവരികയാണ്.
ഫേസ്ബുക്കില്‍ സ്വന്തം പേരിലും വ്യാജ പേരിലും ഇവര്‍ ഐസിസിന്റെ തീവ്ര ആശയങ്ങള്‍ മലയാളത്തില്‍ പ്രചരിപ്പിക്കുന്നതായാണു പൊലീസിന്റെ കണ്ടെത്തല്‍. ഇവര്‍ പരസ്പരം ബന്ധപ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കൂട്ടായ്മയുണ്ടാക്കാനോ അതിനു പ്രത്യേകിച്ചു പേരിടാനോ സംഘാംഗങ്ങള്‍ ആഗ്രഹിക്കുന്നില്ല.
സംസ്ഥാനത്തുനിന്ന് അടുത്തിടെ ഐഎസില്‍ ചേര്‍ന്ന 21 പേര്‍ക്കും ഈ സംഘത്തില്‍ പെട്ടവരുമായി ബന്ധമുണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്. സംഘവുമായി ബന്ധമുള്ള കണ്ണൂര്‍ ജില്ലയിലെ രണ്ടു മതപ്രാസംഗികരുടെ നീക്കങ്ങളും പൊലീസ് നിരീക്ഷിക്കുന്നു. മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തിലുള്ളതാണ് ഇവരുടെ പ്രസംഗങ്ങളെന്നു കണ്ടെത്തി.