ഭോപ്പാല്‍-ഉജ്ജൈന്‍ പാസഞ്ചര്‍ ട്രെയിനിലെ ഭീകരാക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റാണെന്ന് പൊലീസ്

181

ഭോപ്പാല്‍-ഉജ്ജൈന്‍ പാസഞ്ചര്‍ ട്രെയിനിലെ ഭീകരാക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റാണെന്ന് പൊലീസ്. സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങി. അതിനിടെ ഉത്തര്‍പ്രദേശിലെ താക്കൂര്‍ഗഞ്ചില്‍ ഒളിച്ചിരുന്ന ഐ.എസ് തീവ്രവാദി സെയ്ഫുള്ളയെ ഭീകര വിരുദ്ധസേന വധിച്ചു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നായി ആറ് പേരെയാണ് ഭോപ്പാല്‍-ഉജ്ജൈന്‍ പാസഞ്ചര്‍ ട്രെയിനിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുള്ളത്. അത്തീഫ് മസാഫര്‍ എന്നയാളാണ് സ്ഫോടനത്തിന്റെ സൂത്രധാരനെന്ന് മധ്യപ്രദേശ് പൊലീസ് അറിയിച്ചു. ഇവരില്‍ നിന്നും കിട്ടിയ വിവരമനുസരിച്ചാണ് സ്ഫോടനത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റാണെന്ന് പൊലീസ് ഉറപ്പിച്ച് പറയുന്നത് തീവണ്ടിയില്‍ പൈപ് ബോംബ് ഘടിപ്പിച്ചതിന് ശേഷം തീവ്രവാദികള്‍ അതിന്റെ ദൃശ്യങ്ങള്‍ സിറിയയിലേക്ക് അയച്ചു കൊടുത്തെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റിന്റെ പങ്ക് ഉണ്ടെന്ന് ഉറപ്പിച്ച സാഹചര്യത്തില്‍ ട്രെയിന്‍ സ്ഫോടനത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് വിട്ടു. എന്‍.ഐ.എ സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് തീവ്രവാദികള്‍ ഇനിയും പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ഈ മാസം അവസാനം മറ്റൊരു സ്ഫോടനം നടത്താനും സംഘത്തിന് പദ്ധതിയുണ്ടായിരുന്നതായി സൂചനയുണ്ട്.അതേസമയം ലക്നൗവിലെ താക്കൂര്‍ഗഞ്ചില്‍ ഒളിച്ചിരിക്കുകയായിരുന്ന ഐ.എസ് തീവ്രവാദി, മധ്യപ്രദേശ് സ്വദേശി സെയ്ഫുള്ളയെ ഭീകര വിരുദ്ധസേന വധിച്ചു. 12 മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് സെയ്ഫുള്ളയെ കീഴടക്കാനായത്. ഇയാളുടെ വീട്ടില്‍ നിന്ന് വെടിമരുന്ന്, സ്ഫോടക വസ്തുക്കള്‍, സ്വര്‍ണ്ണം, പണം, പാസ്‌പോര്‍ട്ടുകള്‍, സിം കാര്‍ഡുകള്‍ എന്നിവയും പൊലീസ് കണ്ടെടുത്തു.

NO COMMENTS

LEAVE A REPLY