ശ്രീഹരിക്കോട്ട: വിക്ഷേപണത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഐഎസ്ആര്‍ഒ. ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചാണ് ഐഎസ്ആര്‍ഒ ചരിത്രത്തിന്റെ ഭാഗമായത്. പിഎസ്എല്‍വി സി 37 ന്റെ 39ാം വിക്ഷേപണമായിരുന്നു ഇത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നുമാണ് രാവിലെ പിഎസ്എല്‍വി 37 വിക്ഷേപിച്ചത്. വിക്ഷേപണം പൂര്‍ത്തിയായതോടെ റഷ്യയുടെ റെക്കോര്‍ഡാണ് ഇന്ത്യ തകര്‍ത്തത്. രാജ്യാന്തര ബഹിരാകാശചരിത്രത്തില്‍ ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങളെന്നത് ആദ്യ സംഭവമാണ്. ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളും ആറു വിദേശ രാജ്യങ്ങളുടെ 101 സാറ്റ്‌ലൈറ്റുകളുമാണ് വിക്ഷേപിച്ചത്. ഉപഗ്രഹങ്ങള്‍ക്കെല്ലാം കൂടി 1500 കിലോഗ്രാം ഭാരമുണ്ട്. വിക്ഷേപിച്ച 104 ഉപഗ്രഹങ്ങളില്‍ 80 എണ്ണം അമേരിക്കയുടേതാണ്. ഭൂമിയെ നിരീക്ഷിക്കാനുള്ള ഉപഗ്രഹ സമൂഹമാണിവ. ഇതുകൂടാതെ ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, യുഎഇ അടക്കമുള്ള രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമുണ്ട്. ഇന്ത്യയുടെ മൂന്ന് സാറ്റ്‌ലൈറ്റുകളില്‍ കാര്‍ട്ടോസാറ്റ് രണ്ട് ശ്രേണിയിലെ ഉപഗ്രഹത്തിന് മാത്രം 714 കിലോയാണ് ഭാരം. ഐഎന്‍എസ് ഒന്ന് എ, ഐഎന്‍എസ് ഒന്ന് ബി എന്നിവയ്ക്ക് 18 കിലോ വീതം ഭാരവുമുണ്ട്.
83 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കൂടുതല്‍ രാജ്യങ്ങള്‍ സമീപിച്ചതോടെ എണ്ണം 100 കടക്കുകയായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഇന്ത്യ 34 വിക്ഷേപണത്തിലൂടെ 121 ഉപഗ്രഹങ്ങള്‍ വിജയകരമായി ലക്ഷ്യത്തിലെത്തിച്ചു. ഇതില്‍ 75 ഉപഗ്രഹങ്ങളും വിദേശത്തുനിന്നായിരുന്നു. യുഎസ് (18), കാനഡ (11), സിംഗപ്പൂര്‍, ജര്‍മനി (8), യുകെ (6) എന്നിങ്ങനെ പോകുന്നു കണക്ക്. ഏറ്റവും കുറഞ്ഞ നിരക്കില്‍ വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന ഏജന്‍സിയും ഐഎസ്ആര്‍ഒ ആണ്.