ചെന്നൈ : ഐഎസ്ആർഓ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക്ക് സാങ്കേതികവിദ്യയോടുകൂടിയ ഏറ്റവും ശക്തിയേറിയ ഉപഗ്രഹവിക്ഷേപണവാഹനം ജി.എസ്.എല്‍.വി. മാര്‍ക്ക് 3 വിജയകരമായി വിക്ഷേപിച്ചു. വാർത്താവിനിമയ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനും, ഭാവിയിൽ മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണവുമായിരുന്നു ഇന്ത്യ ഇന്ന് വിജയകരമായി പൂർത്തിയാക്കിയത്. വൈകുന്നേരം 5.28-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം. 3200 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് 19 എന്ന വാർത്താവിനിമയ ഉപഗ്രഹവും ചില ശാസ്ത്രീയ പരീക്ഷണസാമഗ്രികളും തദ്ദേശീയമായി നിർമിച്ച ലിഥിയം അയോൺ ബാറ്ററിയും മാര്‍ക്ക് 3 ബഹിരാകാശത്തെത്തിച്ചു.