ശ്രീഹരിക്കോട്ട: ഇന്ത്യയെ അഭിമാനത്തിന്റെ കൊടുമുടിയിലെത്തിച്ച് ഇന്ത്യയുടെ ബഹിരാകാശ കേന്ദ്രം ഐ.എസ്.ആര്‍.ഒ. കാര്‍ട്ടോസാറ്റ് അടക്കം 31 ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ച് ഉപഗ്രഹ വിക്ഷേപണത്തില്‍ സെഞ്ച്വറി തിളക്കവുമായി ഐ.എസ്.ആര്‍.ഒ ചരിത്രം കുറിച്ചു. കാര്‍ട്ടോസാറ്റിനെ കൂടാതെ 29 നാനോ ഉപഗ്രഹങ്ങളും ഒരു മൈക്രോ ഉപഗ്രഹവുമാണ് ഭ്രമണപഥത്തില്‍ എത്തിച്ചിരിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ കേന്ദ്രത്തില്‍ നിന്ന് ഇന്ന് രാവിലെ 9.29നായിരുന്നു ചരിത്രദൗത്യം. 9.28 നാണ് വിക്ഷേപണം നിശ്ചയിച്ചിരുന്നത്. ബഹിരാകാശമാലിന്യം വന്നിടിക്കാനുള്ള നേരിയ സാദ്ധ്യതകൂടി കണക്കിലെടുത്താണ് ഒരു മിനിട്ട് നീട്ടി 9.29 ആക്കുകയായിരുന്നു. ഐ.എസ്.ആര്‍.ഒയുടെ പടക്കുതിരയായ പി.എസ്.എല്‍.വി റോക്കറ്റിന്റെ നാല്പതാമത്തെ വിക്ഷേപണമായിരുന്നു ഇത്
റോക്കറ്റില്‍ ഉപഗ്രഹം ഘടിപ്പിച്ചിരുന്ന നാലാം ഘട്ടത്തിന്റെ താപകവചം വിടരാതിരുന്നത് മൂലം കഴിഞ്ഞ തവണ വിക്ഷേപണം പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ ഗതിനിര്‍ണയത്തിനുള്ള നാവിക് ശൃംഖലയിലേക്കുള്ള ഐ.ആര്‍.എന്‍.എസ്.എസ്.എസ് 1 എച്ച് ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടതിനാല്‍ പി.എസ്.എല്‍.വിയുടെ ഈ വിക്ഷേപണത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡിസംബറില്‍ നടത്താനിരുന്ന വിക്ഷേപണം പലതവണ മാറ്റിവച്ചത്. ചെറിയ സംഗതികള്‍ പോലും അതിസൂക്ഷ്മമായി വിലയിരുത്തിയാണ് ഇന്നത്തെ ദൗത്യത്തിന് ഒരുങ്ങിയത്. മിഷന്‍ റെഡിനസ് റിവ്യൂ കമ്മിറ്റി, ലോഞ്ചിംഗ് ഓതറൈസേഷന്‍ ബോര്‍ഡ് എന്നിവയുടെ ഫുള്‍ കോറം ചേര്‍ന്നാണ് ഒരുക്കങ്ങള്‍ വിലയിരുത്തിയത്.
സുവര്‍ണദൗത്യത്തെക്കുറിച്ച്;
.കഴിഞ്ഞ വര്‍ഷം വിക്ഷേപിച്ച കാര്‍ട്ടോസാറ്റ് 2 എ, 2 ബി ഉപഗ്രഹങ്ങളുടെ തുടര്‍ച്ചയാണ് കാര്‍ട്ടോസാറ്റ് 2 വിക്ഷേപണം.
.വിദൂര നിയന്ത്രണ കാലാവസ്ഥാനിരീക്ഷണ ഉപഗ്രഹമാണിത്
.തീരദേശം, ജലശേഖരം തുടങ്ങി നഗര, ഗ്രാമവികസനം വരെയുള്ള കാര്യങ്ങളുടെ ചാര്‍ട്ടുകളും ഭൂരേഖകളും തയ്യാറാക്കാനുള്ള വിവരങ്ങള്‍ ഉപഗ്രഹം ലഭ്യമാക്കും.
.710 കിലോഗ്രാം ഭാരമുണ്ട്.
.ഇന്ത്യയുടെ തന്നെ ഒരു മൈക്രോ ഉപഗ്രഹവും ഒരു നാനോ ഉപഗ്രഹവും
.ഫിന്‍ലാന്‍ഡ്, കാനഡ, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, ബ്രിട്ടന്‍, യു.എസ് എന്നീ രാജ്യങ്ങളിലെ 28 നാനോ ഉപഗ്രഹങ്ങളുടെ വാണിജ്യവിക്ഷേപണങ്ങളും നടത്തും
.എല്ലാത്തിനും കൂടി 1,323 കിലോഗ്രാമാണ് ഭാരം
.ആദ്യം കാര്‍ട്ടോസാറ്റ് ഉള്‍പ്പെടെ 30 ഉപഗ്രഹങ്ങള്‍ 505 കിലോമീറ്റര്‍ മേലെയുള്ള ഭ്രമണപഥത്തില്‍ വിടും
.പിന്നീട് 359 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്ക് ഇറങ്ങി ഒരു മൈക്രോ ഉപഗ്രഹത്തെ സ്വതന്ത്രമാക്കും
.രണ്ട് ഭ്രമണ പഥങ്ങളില്‍ എത്താനായി റോക്കറ്റിലെ നാലാം ഘട്ടം രണ്ടു തവണ നിറുത്തി വീണ്ടും സ്റ്റാര്‍ട്ട് ചെയ്യുന്ന സങ്കീര്‍ണമായ പ്രക്രിയ.
.2 മണിക്കൂര്‍ 22 സെക്കന്‍ഡാണ് മൊത്തം വിക്ഷേപണ സമയം