ബംഗളൂരു: അമേരിക്കയില്‍ നിന്നുള്‍പ്പെടെ, 68 വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള കരാര്‍ ഇന്ത്യ നേടിയെടുത്തു. ഐ.എസ്.ആര്‍.ഒയുടെ വിദേശവാണിജ്യ വിഭാഗമായ ആന്‍ട്രിക്സ് കോര്‍പറേഷനാണ് വിവരം അറിയിച്ചത്. ഇതില്‍ 12 ഉപഗ്രഹങ്ങള്‍ യു.എസിലെ കാലാവസ്ഥാ പ്രവചന സ്ഥാപനമായ പ്ലാനെറ്റ് ഐക്യുവിന്റേതാണ്. പരീക്ഷണങ്ങള്‍, ബഹിരാകാശ ചിത്രങ്ങള്‍, സിഗ്നലുകളുടെ സംപ്രേക്ഷണം, റിമോട്ട് സെന്‍സിങ്, ഭൗമനിരീക്ഷണം, കാലാവസ്ഥാപ്രവചനം എന്നിവയുമായി ബന്ധപ്പെട്ട ഉപഗ്രഹങ്ങളാണ് ഇന്ത്യന്‍ വിക്ഷേപണ വാഹനം ഉപയോഗിച്ച് വിക്ഷേപിക്കുക.
രാജ്യത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 2500 ഉപഗ്രഹങ്ങള്‍ നിര്‍മിക്കുമെന്നും ആന്‍ട്രിക്സ് വക്താവ് അറിയിച്ചു.
കഴിഞ്ഞ 15 വര്‍ഷത്തിനിടയ്ക്ക്, പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ ( പി.എസ്.എല്‍.വി.) ഉപയോഗിച്ച് 74 വിദേശ ഉപഗ്രഹങ്ങളാണ് ഐ.എസ്.ആര്‍.ഒ. വിക്ഷേപിച്ചത്. ബെല്‍ജിയം, ബ്രിട്ടണ്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇസ്രായേല്‍, യു.എസ്. എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് ഇങ്ങനെ വിക്ഷേപിച്ചത്.