ചെന്നൈ • കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ്- 3ഡിആറുമായി ജിഎസ്‌എല്‍വി എഫ്05 ശ്രീഹരിക്കോട്ടയില്‍നിന്നു വിജയകരമായി വിക്ഷേപിച്ചു. വൈകിട്ട് 4.50നായിരുന്നു വിക്ഷേപണം. വിക്ഷേപിച്ച് 17-ാം മിനിറ്റില്‍ ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. 4.10നായിരുന്നു വിക്ഷേപണം നടത്താന്‍ തീരുമാനിച്ചിരുന്നതെങ്കിലും ഇന്ധനം നിറയ്ക്കുന്നതിനിടയില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നു വിക്ഷേപണം 4.50ലേക്കു മാറ്റുകയായിരുന്നു.റോക്കറ്റിലെ മൂന്നാം ഘട്ടമായ ക്രയോജനിക് എന്‍ജിനില്‍ ഇന്ധനം നിറയ്ക്കുന്ന വാല്‍വിലാണു സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. ഭേദഗതികള്‍ വരുത്തിയ തദ്ദേശീയ ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള ആദ്യ ജിഎസ്‌എല്‍വി വിക്ഷേപണമായിരുന്നു ഇത്.കാലാവസ്ഥ നിരീക്ഷണ രംഗത്തു വലിയ മുന്നേറ്റമുണ്ടാക്കുന്നതിനൊപ്പം രക്ഷാപ്രവര്‍ത്തനത്തിനും സഹായകരമാണ് ഇന്‍സാറ്റ് 3ഡിആര്‍.