ഒമിക്രോൺ കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പുതുവർഷത്തോടനുബന്ധിച്ച് രാത്രി നിയന്ത്രണ ങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പുതുവർഷാഘോഷങ്ങൾ കരുതലോടെ വേണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
ഇതുകൂടാതെ കടകൾ, ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ പോകുന്നവരും ജാഗ്രത പുലർത്തണം. സംസ്ഥാനത്ത് ഇതുവരെ 63 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. എറണാകുളം 25, തിരുവനന്തപുരം 18, പത്തനംതിട്ട 5, തൃശൂർ 5, ആലപ്പുഴ 4, കണ്ണൂർ 2, കൊല്ലം 1, കോട്ടയം 1, മലപ്പുറം 1, കോഴിക്കോട് 1 എന്നിങ്ങനെ യാണ് ജില്ലകളിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്ന 30 പേർക്കും ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്ന 25 പേർക്കും ഒമിക്രോൺ ബാധിച്ചു. 8 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. അതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർ ക്വാറന്റൈൻ വ്യവസ്ഥകൾ കൃത്യമായി പാലിക്കേണ്ടതാണ്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്ന നിരവധി പേർക്ക് ഒമിക്രോൺ ബാധിച്ച സ്ഥിതിക്ക് അവരും ശ്രദ്ധിക്കണം. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്ന് സ്വയം നിരീക്ഷണത്തിൽ കഴിയുന്നവർ 7 ദിവസം വീടുകളിൽ കഴിയുന്നതാണ് നല്ലത്. ഒരു കാരണവശാലും പൊതു ചടങ്ങുകളിൽ പങ്കെടുക്കുകയോ പൊതുഗതാഗതം ഉപയോഗിക്കയോ ചെയ്യരുത്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരും ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ സ്വയം നിരീക്ഷണത്തിൽ പോകേണ്ടതും ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുകയും ചെയ്യേണ്ടതാണ്.
രോഗലക്ഷണങ്ങളുള്ളവർ യാതൊരു കാരണവശാലും പൊതുയിടങ്ങൾ സന്ദർശിക്കുകയോ പൊതുചടങ്ങുകളിൽ പങ്കെടുക്കുകയോ ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.