തിരുവനന്തപുരം : ദീര്‍ഘ നാളായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും തൈറോയിഡ് സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായി രുന്ന പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസ് (68) മരിച്ചത് കോവിഡ് ബാധയേറ്റിട്ടാണോ എന്ന് അവ്യക്തം. കഴിഞ്ഞ 5 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. ചികില്‍സയിലാ യിരിക്കെ ഇദ്ദേഹത്തിന് കിഡ്നി സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുകയും തുടര്‍ന്ന് വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തകരാറിലായതിനാല്‍ ഡയാലിസിസ് തുടങ്ങിയിരുന്നു.
ജലദോഷത്തിന് ചികിത്സ തേടിയാണ് അബ്ദുള്‍ അസീസ് വീടിന് അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയത്. എന്നാല്‍ അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് വെഞ്ഞാറമൂടിലുള്ള സ്വകാര്യ ആശുപത്രിയെ സമീപിച്ചു. അവിടെ വെച്ച് കൊറോണ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടർന്ന് ഈ മാസം 23നാണ് അസീസിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യ പരിശോധനയില്‍ അസീസിന്റെ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ രോഗാവസ്ഥ വഷളായ സാഹചര്യത്തില്‍ രണ്ടാമതു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.
ഇന്നലെ അര്‍ദ്ധരാത്രിയോടുകൂടിയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന് എവിടെ നിന്ന് രോഗം ലഭിച്ചു എന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ആരോഗ്യനില വഷളായ ശേഷമാണ് രോഗം സ്ഥിരീകരിച്ചത് എന്നതിനാല്‍ ഇദ്ദേഹത്തിന്റെ റൂട്ട്മാപ്പ് ബന്ധുക്കളോട് ചോദിച്ചാണ് സ്ഥിരീകരിച്ചത്. ഇദ്ദേഹം വിദേശയാത്ര നടത്തുകയോ, വിദേശത്തു നിന്നും എത്തിയവരുമായി സമ്പർക്കം പുലര്‍ത്തുകയോ ചെയ്തിട്ടില്ല. ഇതാണ് ആരോഗ്യ വകുപ്പിന് വെല്ലുവിളി ഉയര്‍ത്തുന്നത്.