നായകളുടെ യജമാനസ്നേഹം പണ്ടു മുതലേ രേഖപ്പെടുത്തിയിരിക്കുന്ന കാര്യമാണ്. അതിനിതാ ഇറ്റലിയില്‍ നിന്നും പുതിയൊരു ഉദാഹരണം. ഈ ആഴ്ച ഇറ്റലിയിലുണ്ടായ ഭൂകമ്ബത്തെ തുടര്‍ന്ന് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്കരിക്കാനൊരുങ്ങുമ്ബോഴാണിത് വെളിപ്പെട്ടിരിക്കുന്നത്. ഇക്കൂട്ടത്തില്‍ മരിച്ച ഒരാളുടെ ശവപ്പെട്ടിക്ക് സമീപത്ത് നിന്നും അയാളുടെ നായ മാറാന്‍ കൂട്ടാക്കാതെ നില്‍ക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഇറ്റാലിയന്‍ ഭൂകമ്ബ ദുരന്തത്തിന്റെ ഭാഗമായുണ്ടായ ഹൃദയഭേദകമായ ചിത്രങ്ങളിലൊന്നാണിത്.
ബ്ലോണ്ട് കോക്കര്‍ സ്പാനിയേല്‍ വിഭാഗത്തില്‍ പെട്ട ഒരു നായയാണ് യജമാനന്റെ മരണം ഉള്‍ക്കൊള്ളാനാകാതെ ശവപ്പെട്ടിക്ക് ചുറ്റിപ്പറ്റി വിട്ട് പോകാന്‍ കൂട്ടാക്കാതെ ദുഃഖത്തോടെ നിന്നത്.
ഒരു ജിമ്മില്‍ സൂക്ഷിച്ചിരുന്ന ശവപ്പെട്ടിക്ക് സമീപമാണ് നായയുടെ നില്‍പ്പ്. ഭൂകമ്ബം താണ്ഡവമാടിയ അകുമോളി ഗ്രാമനിവാസിയുടെ നായയാണിതെന്ന് സൂചനയുണ്ട്. ഈ ആഴ്ചയുണ്ടായ ഭൂകമ്ബത്തില്‍ മരിച്ച 291 പേരില്‍ പെട്ട കുറച്ചാളുകളുടെ മൃതദേഹങ്ങളായിരുന്നു ഇന്നലെ കൂട്ടത്തോടെ സംസ്കരിച്ചിരുന്നത്. ഇവരുടെ ബന്ധുക്കള്‍ ദുഃഖം താങ്ങാനാവാതെ പരസ്പരം കെട്ടിപ്പിടിച്ച് കരയുന്നത് കാണാമായിരുന്നു. അതിനിടയില്‍ ഈ നായയുടെ ദുഃഖം തികച്ചും വേറിട്ട് ശ്രദ്ധേയമായിരുന്നു. സ്പോര്‍ട്സ് ഹാളില്‍ ഏതാണ്ട് 35ഓളം ശവശരീരങ്ങളാണ് സൂക്ഷിച്ചിരുന്നത്. അതിനിടയിലൊന്നിനടുത്താണീ നായ വിടാതെ കാവല്‍ നിന്നിരുന്നത്. ഇക്കൂട്ടത്തില്‍ 18 മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെയും ഒമ്ബത് വയസുകാരിയുടെയും മൃതദേഹങ്ങളും ഉള്‍പ്പെടുന്നു. ഭൂകമ്ബത്തില്‍ മരിച്ച 21 കുട്ടികളില്‍ രണ്ടു പേരാണിത്. സെന്‍ട്രല്‍ ഇറ്റലിയില്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഭൂകമ്ബമുണ്ടായത്.