ന്യൂഡല്‍ഹി: പ്രമുഖ വ്യവസായിയും ഐടിസി കമ്പനിയുടെ ചെയര്‍മാനുമായ വൈ.സി. ദേവേശ്വര്‍ (72) അന്തരിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2017-ല്‍ ഐടിസി കമ്പനിയുടെ സിഇഒ, ചെയര്മാന് സ്ഥാനങ്ങളിലെ എക്സിക്യുട്ടീവ് പദവികള്‍ ദേവേശ്വര്‍ ഒഴിഞ്ഞിരുന്നെങ്കിലും, നോണ്‍ എക്സിക്യുട്ടീവ് ചെയര്‍മാനായി തുടര്‍ന്നിരുന്നു. 1968-ലാണ് ദേവേശ്വര്‍ ഐടിസി കമ്പനിയില്‍ ചേരുന്നത്.
1984 ഏപ്രില്‍ 11-ന് അദ്ദേഹം കമ്പനിയുടെ ബോര്‍ഡ് ഡയറക്ടറായി നിയമിക്കപ്പെട്ടു. 1996 ജനുവരിയിലാണ് അദ്ദേഹം ചീഫ് എക്സിക്യുട്ടീവ്, ചെയര്മാന് സ്ഥാനങ്ങളില്‍ എത്തുന്നത്. ഐഐടി ഡല്‍ഹി, ഹാര്‍വാഡ് ബിസിനസ് സ്കൂള്‍ എന്നിവിടങ്ങളില്‍നിന്നു പഠനം പൂര്‍ത്തിയാക്കിയ ദേവേശ്വര്‍, 1991-94 കാലത്ത് എയര്‍ ഇന്ത്യയുടെ ചെയര്മാന്, മാനേജിംഗ് ഡയറക്ടര്‍ പദവിയും വഹിച്ചിരുന്നു.