ന്യൂഡല്‍ഹി • ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ഹോസ്റ്റലില്‍ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. മണിപ്പൂരില്‍നിന്നുള്ള പിഎച്ച്‌ഡി വിദ്യാര്‍ഥിയായ ഫിലെമോന്‍ ചീരുവിന്റെ മൃതദേഹം ഇന്നലെ രാത്രിയോടെയാണ് അഴുകിയ നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. കഴിഞ്ഞ മൂന്നു ദിവസമായി വിദ്യാര്‍ഥിയെ കാണാനില്ലായിരുന്നെന്ന് പൊലീസ് പറഞ്ഞു. സര്‍വകലാശാലയ്ക്കുള്ളിലെ ബ്രഹ്മപുത്ര ഹോസ്റ്റലിലെ 171-ാം മുറിയിലാണ് ചിരു താമസിച്ചിരുന്നത്. മുറിയില്‍നിന്നും ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് മറ്റു വിദ്യാര്‍ഥികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ തകര്‍ത്ത് അകത്തെത്തിയപ്പോഴാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടത്. മണിപ്പൂരിലെ സേനാപതി സ്വദേശിയാണ്. കഴിഞ്ഞ വര്‍ഷമാണ് ജെഎന്‍യുവില്‍ പഠനത്തിന് ചേര്‍ന്നത്. പശ്ചിമേഷ്യ എന്ന വിഷയത്തില്‍ പിഎച്ച്‌ഡി ചെയ്തു വരികയായിരുന്നു. ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കാണാതായ സംഭവത്തില്‍ പ്രതിഷേധങ്ങള്‍ കെട്ടടങ്ങുന്നതിനു മുന്‍പേയാണ് പുതിയ സംഭവം. 11 ദിവസം മുന്‍പ് കാണാതായ നജീബിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല.