ജേക്കബ് തോമസിനെതിരായ സിബിഐ നിലപാട് സംശയാസ്പദം : സര്‍ക്കാര്‍

183

കൊച്ചി: അവധിയെടുത്ത് സ്വകാര്യ കോളജില്‍ പഠിപ്പിക്കാന്‍ പോയകേസില്‍ ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്താന്‍ തയ്യാറെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്നു മാത്രമല്ല കേസ് തങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവിടണമെന്ന ആവശ്യവും സി.ബി.ഐ സത്യവാങ്മൂലത്തില്‍ ഉന്നയിച്ചിട്ടുണ്ട്. സ്വന്തം താല്‍പ്പര്യങ്ങള്‍ക്കായി ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അവധിയെടുത്ത് പഠിപ്പിക്കാന്‍ പോയത് ഗുരുതരമായ തെറ്റാണെന്നും അതുകൊണ്ട് തന്നെ ഇത് സി.ബി.ഐ പോലൊരു ഉന്നത ഏജന്‍സി അന്വേഷിക്കേണ്ടത് ആവശ്യമാണെന്നും സിബിഐ കോടതിയില്‍ പറഞ്ഞു.
എന്നാല്‍ കേസില്‍ സി.ബി.ഐ നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തി. കോടതി ഫയലില്‍ പോലും സ്വീകരിക്കാത്ത കേസില്‍ അന്വേഷിക്കാന്‍ തയ്യാറാണെന്ന് സത്യവാങ്മൂലം നല്‍കിയത് സംശയാസ്പദമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
ഇതിന്‍മേല്‍ മറുപടി സത്യവാങ്മൂലം നല്‍കേണ്ടത് അനിവാര്യമാണെന്നും അതിന് എ.ജി ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും സര്‍ക്കാര്‍ വാദിച്ചു. അതിനാല്‍ കേസ് അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. മാറാട്, ടിപി ചന്ദ്രശേഖരന്‍ വധം തുടങ്ങിയ കേസുകള്‍ ഏറ്റെടുക്കാന്‍ മടിച്ച സിബിഐ ഇക്കാര്യത്തില്‍ പെട്ടെന്ന് കേസെടുക്കാന്‍ മുന്നോട്ട് വന്നതില്‍ അസ്വാഭാവികതയുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. നേരത്തെ ഈ കേസില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതാണ്. സി.ബി.ഐയുടെ പുതിയ നിലപാടിന്റെ വെളിച്ചത്തില്‍ കോടതിയില്‍ കൂടുതല്‍ കാര്യങ്ങള്‍ ബോധിപ്പിക്കാനുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. അതിനിടെ ജേക്കബ് തോമസ് സി.ബി.ഐ ഡയറക്ടര്‍ക്ക് പരാതി നല്‍കിയതിനെ വിമര്‍ശിച്ച്‌ സി.ബി.ഐ രംഗത്തുവന്നു. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ഈ നിലപാട് ശരിയല്ലെന്നും കോടതി ഇക്കാര്യങ്ങള്‍ അനുവദിക്കരുതെന്നും സി.ബി.ഐ പറഞ്ഞു.

NO COMMENTS

LEAVE A REPLY