കൊച്ചി: ജേക്കബ് തോമസിനെതിരായ സ്വത്ത് സമ്പാദനക്കേസില്‍ സി.ബി.ഐയ്ക്കെതിരെ കനത്ത വിമര്‍ശനവുമായി സംസ്ഥാന സര്‍ക്കാര്‍. സി.ബി.ഐ നിലപാട് ദുരൂഹവും അനാവശ്യവുമാണെന്ന് സര്‍ക്കാരിനു വേണ്ടി കോടതിയില്‍ ഹാജരായ അഡ്വക്കേറ്റ് ജനറല്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി ഈ മാസം 14ന് പരിഗണിക്കുന്നതിനായി മാറ്റി. യു.ഡി.എഫിലെ മുന്‍മന്ത്രിമാര്‍ക്കെതിരെ കേസന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ജേക്കബ് തോമസിനെതിരായ പരാതി വരുന്നത്. ഇത് രാഷ്ട്രീയ പ്രേരിതമാണ്. പരാതിക്കാരന് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. സര്‍ക്കാര്‍ മൂന്നു തവണ അന്വേഷണം നടത്തി തള്ളിയ കേസാണ് വീണ്ടും കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്നത്. മറ്റു പല കേസുകള്‍ ഏറ്റെടുക്കാന്‍ വൈമുഖ്യം കാണിക്കുന്ന സി.ബി.ഐ ഈ കേസില്‍ അതീവ താല്പര്യം കാണിക്കുന്നുവെന്നും സര്‍ക്കാര്‍ ആരോപിച്ചു. ജേക്കബ് തോമസിനെതിരായ ഹര്‍ജി ഫയലില്‍ പോലും സ്വീകരിക്കുന്നതിനു മുന്‍പ് ഇത്തരമൊരു സത്യവാങ്മൂലവുമായി എത്തുന്നത് കേട്ടുകേള്‍വി പോലുമില്ലാത്തതാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച് വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടോയെന്ന് 14ന് പരിഗണിക്കാനായി മാറ്റിവച്ചു. തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരായ അനധികൃത സ്വത്ത് സന്പാദനക്കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കേയാണ് ജേക്കബ് തോമസിനെതിരായ ഹര്‍ജി കോടതി പരിഗണിച്ചത്. തനിക്കെതിരായ ഹര്‍ജികളും കേസുകളും പരിശോധിക്കുന്ന തിരക്കിലാണെന്നും അതുകൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകുമെന്നുമാണ് ടോം ജോസിനെതിരായ കേസില്‍ ജേക്കബ് തോമസ് മാധ്യമങ്ങളോട് പറഞ്ഞത്.