മന്ത്രിമാര്‍ക്കെതിരേ കേസെടുക്കാന്‍ ബാധ്യതയില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍

222

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറുടെ അധികാരം വെട്ടിക്കുറച്ചതായി വിജിലന്‍സ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രത്യേക വിജ്ഞാപനത്തിലൂടെയാണ് അധികാരം വെട്ടിക്കുറച്ചത്. പോലീസ് സ്റ്റേഷന്‍ പദവിയാണ് എടുത്തുകളഞ്ഞത്.
മന്ത്രിമാര്‍ക്കെതിരെ കേസെടുക്കാന്‍ കാലതാമസം നേരിടുന്നെന്ന കോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് വിജിലന്‍സ് സര്‍ക്കാര്‍ വിജ്ഞാപനം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്. കേസെടുക്കാനുള്ള നിയമപരമായ ബാധ്യത ഡയറക്ടര്‍ക്ക് ഇല്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്താണ് വിജിലന്‍സ് ഡയറക്ടറുടെ അധികാരം വെട്ടിക്കുറച്ച നടപടിയുണ്ടായത്. അസാധാരണ നോട്ടിഫിക്കേഷനിലൂടെയാണ് അധികാരം നീക്കിയത്. മന്ത്രിമാര്‍ക്കെതിരെ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ഇത്. ഈ നടപടി ഇപ്പോഴത്തെ സര്‍ക്കാരും തുടരുകയായിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ക്ക് അഡ്മിനിസ്ട്രേഷന്റേയും കേസന്വേഷണത്തിന്റെ മേല്‍നോട്ടത്തിന്റേയും ഭാരിച്ച ചുമതലയുണ്ട്. അതുകൊണ്ട് തന്നെ പോലീസ് സ്റ്റേഷന്റെ ചുമതല അധികഭാരമാണെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ നടപടി. പുതിയ നടപടിയോടെ ഏത് കേസിലും പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യാനുള്ള വിജിലന്‍സ് ഡയറക്ടറുടെ അധികാരം ഇല്ലാതായി. ഏതെങ്കിലും കേസില്‍ നേരിട്ട് പരാതി ലഭിച്ചാല്‍ വിജിലന്‍സിന്റെ അതാത് യൂണിറ്റുകളിലേക്ക് അയച്ചുകൊടുക്കുക എന്നതുമാത്രമാണ് ഡയറക്ടറുടെ ചുമതല.

NO COMMENTS

LEAVE A REPLY