തിരുവനന്തപുരം : അഴിമതി ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് ഭീഷണി നേരിടേണ്ടി വന്നിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഡിജിപി സ്ഥാനത്തിരുന്ന് ജേക്കബ് തോമസ് സര്‍ക്കാര്‍ വിരുദ്ധ നിലപാടെടുത്തുവെന്നുമാണ് സര്‍ക്കാരിന്റെ വാദം. കേസ് അടുത്ത മാസം 12ന് ഹൈക്കോടതി പരിഗണിക്കും. ഓഖി ദുരന്തം സംബന്ധിച്ച് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ സര്‍ക്കാര്‍ നല്കിയ കുറ്റാരോപണ മെമ്മോയ്ക്ക്, പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന മറുപടിയാണ് ജേക്കബ് തോമസ് നല്‍കിയത്. സര്‍ക്കാര്‍ തുടര്‍ നടപടികളാലോചിക്കുന്ന ഘട്ടത്തിലാണ് അഴിമതി പുറത്തു കൊണ്ടുവരുന്നവര്‍ക്കുള്ള വിസില്‍ ബ്ലോവേഴ്സ് പരിരക്ഷ തേടി ജേക്കബ് തോമസ് ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കിയത്. 2010ല്‍ നല്കിയ ഹര്‍ജിയില്‍ തുടര്‍ നടപടികളായില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഉപഹര്‍ജി. ഹര്‍ജിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി വിശദീകരണം തേടുകയും ചെയ്തിരുന്നു. എട്ടുവര്‍ഷത്തിനുശേഷം സമര്‍പ്പിച്ച ഉപഹര്‍ജി നിലനില്‍ക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. അഴിമതി ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതാണ് വിസില്‍ ബ്ലോവേഴ്സ് പരിരക്ഷ. ജേക്കബ് തോമസ് നടത്തിയത് ഔദ്യോഗിക കൃത്യ നിര്‍വഹണമാണ്. അത് അഴിമതി ചൂണ്ടിക്കാണിച്ചതിന്റെ പരിധിയില്‍ വരില്ല. അദ്ദേഹത്തിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച അച്ചടക്ക നടപടികള്‍ അഴിമതി ചൂണ്ടിക്കാണിച്ചതിനല്ല.