തിരുവനന്തപുരം: വിജിലന്‍സ് കേസില്‍ അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കാന്‍ സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതിവേണ്ടെന്നു വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനു നിയമോപദേശം ലഭിച്ചു.
മലബാര്‍ സിമെന്‍റ്സ് അഴിമതി കേസുമായി ബന്ധപ്പെട്ട് തന്നെ പ്രതിചേര്‍ക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ശ്രമിക്കുകയാണെന്നു ചൂണ്ടിക്കാട്ടി അഡി. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ നിയമോപദേശം തേടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജേക്കബ് തോമസിന് നിര്‍ദേശം നല്‍കി. ഡല്‍ഹി എസ്റ്റാബ്ലിഷ്മെന്‍റ് ആക്‌ട് പ്രകാരം ഐ.എ.എസ്. ഉദ്യോഗസ്ഥരെ കേസില്‍ പ്രതിചേര്‍ക്കുന്നതിനുമുന്‍പ് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി തേടണമെന്നായിരുന്നു ഐ.എ.എസ് അസോസിയേഷന്‍റെ നിലപാട്. എന്നാല്‍, ഇതുസംബന്ധിച്ച് സുപ്രീംകോടതി പ്രത്യേക വിധിന്യായം പുറപ്പെടുവിച്ചിട്ടുണ്ടെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിചേര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി വേണ്ടെന്നും വിജിലന്‍സ് ഉപദേഷ്ടാവ് വി. അഗസ്റ്റ്യന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് കേസന്വേഷിക്കാനുളള തയാറെടുപ്പിലാണ് ഡയറക്ടര്‍ ജേക്കബ് തോമസ്. അതേസമയം, തങ്ങളെ മനപ്പൂര്‍വം കേസില്‍ കുടുക്കാനുളള നീക്കത്തിനെതിരേ ശക്തമായി പ്രതികരിക്കാനുളള തയാറെടുപ്പിലാണ് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍. ഇന്നലെ ഗോള്‍ഫ് ക്ലബില്‍ കൂടിയ ഐ.എ.എസ്. അസോസിയേഷന്‍ യോഗത്തിലും ശക്തമായവികാരമാണ് അംഗങ്ങള്‍ രേഖപ്പെടുത്തിയത്. 100 ദിവസത്തിനുളളില്‍ പൂര്‍ത്തിയാക്കേണ്ട നിരവധി പദ്ധതികള്‍ മുന്നില്‍നില്‍ക്കുന്പോഴാണു ജേക്കബ് തോമസ് കളളക്കേസില്‍ കുടുക്കാന്‍ തയാറെടുക്കുന്നതെന്നും ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഇതിനെ എന്തുവിലകൊടുത്തും നേരിടണമെന്നും അവര്‍ പറഞ്ഞു. തങ്ങള്‍ക്കു പ്രശ്നമുണ്ടായപ്പോള്‍ ആരും സംരക്ഷിക്കാനില്ലെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
ഇതിനിടെ വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിലേക്ക് അയച്ച ഫയലുകളുടെ പകര്‍പ്പ് നല്‍കണമെന്നാവശ്യപ്പെട്ടു രണ്ട് അഡി. ചീഫ് സെക്രട്ടറിമാര്‍ ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി നളിനി നെറ്റോയെ സമീപിച്ചെങ്കിലും ആവശ്യം നിരസിക്കുകയായിരുന്നു.